മാവേലിക്കരയുടെ ചരിത്രം1 ഓടനാടും മാവേലിക്കരയും

മാവേലിക്കരയുടെ ചരിത്രം
1 ഓടനാടും മാവേലിക്കരയും

ആയിരത്തില്‍ കുറയാത്ത വര്‍ഷത്തെ ദേശചരിത്രം അവകാശപ്പെടാന്‍ കഴിയുന്ന പ്രദേശമാണ് മാവേലിക്കര. എങ്കിലും, ദേശനാമവുമായി ബന്ധപ്പെട്ട് അറനൂറ് വര്‍ഷത്തെ പഴക്കമേ അവകാശപ്പെടാന്‍ കഴിയൂ.
മാവേലിക്കര എന്ന നാമം ആദ്യമായി പരാമര്‍ശിക്കപ്പെടുന്നത് പതിനാലാം ശതകത്തില്‍ എഴുതപ്പെട്ട ചെമ്പുകാട് നീലകണ്ഠന്‍റെ കണ്ടിയൂര്‍ മറ്റം പടപ്പാട്ടിലാണ്. 

"കണ്ടിയൂര്‍ വീരരായുണ്ടായ വമ്പന്മാര്‍
മണ്ടിയണവതു കണ്ടുവന്നെത്തിയോര്‍
ഇണ്ടലില്ലാ മാവേലിക്കരക്കാരും
തണ്ടമിഴ് ചേരും പുതിയകാവുകാരും"

ക്യൂറേട്ടറായിരുന്ന കെ.സാംബശിവശാസ്ത്രികളാണ് 1937ല്‍ കണ്ടിയൂര്‍ മറ്റം പടപ്പാട്ട് പ്രസിദ്ധീകരിച്ചത്. 'ഹര്യക്ഷമാസ സമരോത്സവം അഥവാ കണ്ടിയൂര്‍മറ്റം പടപ്പാട്ട്' എന്നാണ് കൃതിയുടെ പേര്. ചിത്രമെഴുത്ത് കെ.എം.വര്‍ഗീസാണ് മാവേലിക്കരയുമായി ബന്ധപ്പെട്ട ഈ കൃതിയെക്കുറിച്ചുള്ള ആദ്യഅറിവ് നല്‍കുന്നത്. എന്നാല്‍  ഈ പടപ്പാട്ട് അധികാരമാരും കണ്ടതായി പരാമര്‍ശിക്കുന്നില്ല. ഗവേഷകനും സംസ്കൃതപണ്ഡിതനുമായ സി. പ്രസാദിന്‍റെ പരിശ്രമഫലമായി 'കണ്ടിയൂര്‍ മറ്റം പടപ്പാട്ട്'* ഇപ്പോള്‍ നമുക്ക് വ്യാഖ്യാനസമേതം നമുക്കു ലഭിച്ചു. 
പ്രൊഫ.വട്ടപ്പറമ്പില്‍ ഗോപിനാഥപിള്ളയുടെ കൈവശമുണ്ടായിരുന്ന നോട്ടുബുക്ക് പകര്‍പ്പും, മലയാളം ലക്സിക്കണ്‍ വിഭാഗത്തിലുണ്ടായിരുന്ന അച്ചടിച്ച കൃതിയും, പരിശോധനയ്ക്കും പഠനത്തിനും വിധേയമാക്കി ശുദ്ധി വരുത്തി വ്യാഖ്യാനസഹിതം 2018ല്‍ സി.പ്രസാദ് ഈ കൃതി പ്രസിദ്ധീകരിക്കുകയുണ്ടായി. മാവേലിക്കരയുമായി ബന്ധപ്പെട്ട നാല്പതോളം ഗ്രാമങ്ങള്‍ ഇതില്‍ പ്രതിപാദിക്കുന്നുണ്ട്. സ്ഥല നാമങ്ങളുടെ അര്‍ത്ഥം കണ്ടെത്തി ഓരോ സ്ഥലത്തിന്‍റെയും പ്രത്യേകത എന്താണെന്നുള്ള അന്വേഷണമാണ് ഇതിന്‍റെ വ്യാഖ്യാനത്തിലൂടെ സി. പ്രസാദ് സമര്‍ത്ഥമായി നിര്‍വ്വഹിച്ചിരിക്കുന്നത്. 
കണ്ടിയൂര്‍ കരയും, മറ്റം കരയും തമ്മിലുള്ള യുദ്ധവര്‍ണ്ണനയാണ് ഇതിലെ പ്രതിപാദ്യവിഷയം.

 'പറങ്കികളെപ്പറ്റി ഒന്നുരണ്ടിടത്തു സ്മരിക്കുന്നുവെങ്കിലും ഡച്ചുകാരെപ്പറ്റി ഒന്നും പറയാത്തതിനാലും ഈ ഗ്രന്ഥത്തിന്‍റെ രചനാകാലം ക്രി.പി. 1550-1650നും ഇടയ്ക്കായിരിക്കാമെന്നു തോന്നുന്നു.' കെ.സാംബശിവ ശാസ്ത്രികളുടെ ഈ പ്രസ്താവനയുടെ അടിസ്ഥാനത്തില്‍  കൃതി രചിക്കപ്പെട്ടത് 500 വര്‍ഷങ്ങള്‍ക്കു മുമ്പാണെന്നു മനസ്സിലാക്കാം. കാവ്യരചനയ്ക്കും എത്രയോ മുമ്പു തന്നെ ഈ സ്ഥലനാമമുണ്ടായിരുന്നു എന്നു വ്യക്തം. അങ്ങനെവരുമ്പോള്‍ മാവേലിക്കര എന്ന ദേശനാമത്തിന് കുറഞ്ഞപക്ഷം ആറു നൂറ്റാണ്ടിന്‍റെ പഴക്കമെങ്കിലും ഉണ്ടെന്നു മനസ്സിലാക്കാം.

1350നും 1365നും ഇടയ്ക്ക് രചിക്കപ്പെട്ടതായി കണക്കാക്കുന്ന 'ഉണ്ണുനീലി സന്ദേശ'ത്തിലും ഓടനാട്ട് അരചനായിരുന്ന ഇരവി കേരളവര്‍മ്മന്‍റെ സദസിലെ അംഗമായിരുന്ന ദാമോദരന്‍ ചാക്യാരുടെ 'ഉണ്ണിയാടീചരിതം' ചമ്പുവിലും 'ശിവവിലാസം' കാവ്യത്തിലും കണ്ടിയൂരിനെക്കുറിച്ചുള്ള പരാമര്‍ശം ഉണ്ടെങ്കിലും മാവേലിക്കര എന്ന പേര് അവിടെയെങ്ങും കാണുന്നില്ല.

സി.ഇ. 800 മുതല്‍ മഹോദയപുരം ആസ്ഥാനമാക്കി ഭരിച്ചിരുന്ന കുലശേഖര രാജാക്കന്മാരുടെ രണ്ടാം ചേരരാജ്യഭരണകാലത്ത് രാജ്യം ഭരണസൗകര്യാര്‍ത്ഥം പല നാടുകളായി വിഭജിച്ചിരുന്നു. ഓരോ നാടിനും നാടുവാഴി ഉണ്ടായി. ഇന്നത്തെ മാവേലിക്കര-കാര്‍ത്തികപ്പള്ളി ഉള്‍പ്പെടുന്ന നാട് 'നന്തുഴൈ' എന്നാണ് അറിയപ്പെട്ടിരുന്നത്. പല നാടുവാഴികളും സൈന്യത്തിന്‍റെ പിന്‍ബലത്തിലും കാര്‍ഷികോല്പന്നങ്ങളുടെ സമാഹരണത്തിലും സ്വതന്ത്രഭരണത്തിനായി ശ്രമിക്കുകയുണ്ടായി. രണ്ടാം ചേരസാമ്രാജ്യത്തിന്‍റെ പതനത്തിലേക്കാണ് ഈ നാടുവാഴിത്തഭരണാധികാരം വഴിയൊരുക്കിയത്. മാര്‍ത്ത (മാടത്തിന്‍കൂര്‍- മാവേലിക്കരയും കിഴക്കുള്ള പ്രദേശങ്ങള്‍), പാനപോലി(കായംകുളത്തിനും കാര്‍ത്തികപ്പള്ളിക്കും ഇടയിലുള്ള പ്രദേശം), കാലകോലിയന്‍ (കായംകുളം), തൃക്കനപാലി (തൃക്കുന്നപ്പുഴ) തുടങ്ങിയ നാടുകള്‍ സ്വതന്ത്രനാട്ടുരാജ്യങ്ങളായി. 'നന്തുഴൈ' മാടത്തിന്‍കൂറിനോടും കായംകുളത്തിനോടും ചേര്‍ക്കപ്പെട്ടതോടെ ആ പേര് വിസ്മൃതമായി. ഇതേകാലയളവില്‍ രൂപപ്പെട്ട സ്വതന്ത്ര നാട്ടുരാജ്യങ്ങളായിരുന്നു ബെറ്റിമിനി(വട്ടമന- കായംകുളത്തിനും പുറക്കാടിനും ഇടയിലുള്ള പ്രദേശം), പന്തളം, ചെങ്ങന്നൂര്‍, തെക്കുംകൂര്‍ തുടങ്ങിയവ. പാണ്ഡ്യബന്ധമുള്ള രാജവംശമായിരുന്നു പന്തളത്തിന്‍റേത്. 64 ബ്രാഹ്മണ ഗ്രാമങ്ങളില്‍ തെക്കേയറ്റത്തുള്ളതായിരുന്നു ചെങ്ങന്നൂര്‍ ഗ്രാമം. തിരുവല്ല വരെ വ്യാപിച്ചിരുന്ന വെണ്‍പൊലി നാടാണ് തെക്കുംകൂര്‍.

കായംകുളം മുതല്‍ തിരുവല്ല വരെയുള്ള പമ്പയുടെ വൃഷ്ടിപ്രദേശം ഭൂപ്രദേശത്തിന്‍റെ സവിശേഷത കൊണ്ട് രൂപപ്പെട്ടതാണ് ഓടനാട്. ഇതിന്‍റെ  ആസ്ഥാനം കണ്ടിയൂര്‍ ആയിരുന്നു. പിന്നീടതിന്‍റെ ആസ്ഥാനം കൃഷ്ണപുരം  ആയി. എരുവയിലെ കൊട്ടാരം ബ്രഹ്മപുരം കൊട്ടാരം എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. അധികാരവ്യാപനത്തെ തുടര്‍ന്ന് ഭരണം കൃഷ്ണപുരത്തേക്ക് മാറ്റിയതോടെ എരുവ കൊട്ടാരത്തില്‍ രാജകുടുംബാംഗങ്ങളുടെ വസതിയായി മാറി.
പതിനഞ്ചാം നൂറ്റാണ്ടോകൂടി ഓടനാട് ഭരണാധികാരികള്‍ ഇന്നത്തെ എരുവയിലേക്ക് തലസ്ഥാനം മാറ്റിയതോടെ കായംകുളം കൂടുതല്‍ കരുത്താര്‍ജ്ജിച്ചു.  ഇന്നത്തെ കാര്‍ത്തികപ്പള്ളി, മാവേലിക്കര, ചെങ്ങന്നൂര്‍ താലൂക്കുകളിലെ പ്രദേശങ്ങള്‍ ഉള്‍പ്പെട്ടതായിരുന്നു അക്കാലത്തെ കായംകുളം രാജ്യം. കാര്‍ഷികമായും സൈനികമായും രാജ്യം    വികാസം പ്രാപിച്ചു. ലുഡോമിക് ഡി വര്‍ത്തേമ (1505), സുമാര്‍ട്ടു ബര്‍ബോസ (1514) എന്നീ പോര്‍ട്ടുഗീസ് സഞ്ചാരികള്‍ കായംകുളവുമായുള്ള വ്യാപാരത്തെക്കുറിച്ച് പറയുന്നുണ്ട്. അക്കാലത്തെ പോര്‍ട്ടുഗീസ് രേഖകളില്‍ കൊല്ലം കഴിഞ്ഞാല്‍ ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ വ്യാപാരകേന്ദ്രം കായംകുളം ആയിരുന്നുവെന്നു പരാമര്‍ശിച്ചിട്ടുണ്ട്.  ഓടനാടിന്‍റെ ആസ്ഥാനം, കാര്‍ഷിക വിളവില്‍ നിന്നുള്ള ഭൗതികമായ സമൃദ്ധി, ആത്മീയപരിപോഷണത്തിന്‍റെ പ്രതീകമായ ശിവക്ഷേത്രം എന്നിവ കണ്ടിയൂരിന്‍റെ പ്രശസ്തി കാരണമായി. 

'കണ്ടം വണ്ടിന്‍ നിറമുടയനെക്കെങ്ക നീരാടു തിങ്കള്‍-
ത്തുണ്ടം ചാര്‍ത്തും പരനെ മലമാതിന്നു മെയ് പാതിയോനെ
മണ്ടും മാനേല്‍ക്കരനെയരനെക്കമ്പി പാമ്പാക്കുവോനെ-
ക്കണ്ടേപോവാന്‍ തരമവിടെ നീ കണ്ടിയൂര്‍ത്തമ്പിരാനെ' 
 (ഉണ്ണുനീലി സന്ദേശം)

'ആഖണ്ഡലപുരീഗര്‍വഖണ്ഡനാല്‍ കണ്ടിയൂരിത
പത്തിലും വിശ്രുതം ഭിക്ഷു പത്തനം തത്രശോഭതേ.' 
 (ഉണ്ണിയാടീചരിതം)
വേണാട്ടുകരയെക്കുറിച്ചും ഓണാട്ടുകരയെക്കുറിച്ചുമുള്ള പരാമര്‍ശങ്ങള്‍ കുഞ്ചന്‍നമ്പ്യാരുടെ 'കൃഷ്ണലീല'(ശീതങ്കന്‍ തുള്ളല്‍)യില്‍ (18-ാം നൂറ്റാണ്ട്) കാണാം.  
 "ഓണാട്ടുകര*നാട്ടിലിയലുമീശ്വരന്മാരും
 വേണാട്ടുകരനാട്ടിലിയലുമീശ്വരന്മാരും"
എന്നതാണ് ആ പരാമര്‍ശം.

'ഓടല്‍' ചെടികള്‍ ധാരാളമായി വളര്‍ന്നിരുന്ന പ്രദേശം ആയതിനാല്‍ ഓടല്‍ ചെടികളുടെ നാട് 'ഓടല്‍'നാടും പിന്നീടത് 'ഓണാടു'മായി. ഓടനാടിന്‍റെ കരയാണ് ഓണാട്ടുകര.

തമിഴിനും മലയാളത്തിനും ഒരുപോലെ അവകാശപ്പെടാവുന്ന ഒരു പൂര്‍വ്വ ഭാഷ നിലനിന്നിരുന്നു. പ്രോട്ടോ തമിഴ് എന്നാണ് അതറിയപ്പെടുന്നത്. പ്രോട്ടോ തമിഴ് മലയാളത്തില്‍ എഴുതപ്പെട്ട കൃതികളാണ് സംഘം കൃതികള്‍. ഈ ഭാഷയിലാണ് ചിലപ്പതികാരവും മണിമേഖലയും എഴുതിയത്.  സംഘം കൃതികളില്‍ പറഞ്ഞിട്ടുള്ള രണ്ട്  അളവു രീതികളാണ് 'മാ'യും 'വേലി'യും. അളന്നാല്‍ തീരാത്തവിധം വിളവു ലഭിക്കുന്ന സ്ഥലം എന്നതില്‍ നിന്നുമാകാം 'മാവേലിക്കര'  എന്ന സ്ഥലനാമം ഉണ്ടായതെന്നുള്ള അഭിപ്രായമാണ് പൊതുവേ ചരിത്രകാരന്മാര്‍ അംഗീകരിച്ചിട്ടുള്ളത്. സംസ്കാരത്തിന്‍റെ   കാര്‍ഷികസംസ്കാരമാണ്. അതുകൊണ്ടുതന്നെ മാവേലിക്കരയുടെ സംസ്കാരത്തിന് അതിന്‍റേതായ പല സവിശേഷതകളുമുണ്ട്.

(പ്രസിദ്ധീകരിക്കുന്ന കൃതിയിൽ നിന്നും. പകർപ്പവകാശം നിക്ഷിപ്തം )

Comments

Popular posts from this blog

കേരളത്തെ ഒരു മഹാദുരന്തത്തിലേക്കാണ് നയിക്കുന്നത്. കേരള ജനസംഖ്യയുടെ മൂന്ന് ശതമാനം മാത്രം വരുന്ന രാഷ്ട്രീയ നേതാക്കളെയും ഉദ്യോഗസ്ഥരെയും സംരക്ഷിക്കാനുള്ള ചിലവ്

പി.റ്റി.ചാക്കോയൊടു ചെയ്ത ചതി തന്നെയാണ് കെ.എം.മാണി സാറിനോടും കോൺഗ്രസ് ചെയ്തത്.

Sri K. M mani and kerala Congress