പി.റ്റി.ചാക്കോയൊടു ചെയ്ത ചതി തന്നെയാണ് കെ.എം.മാണി സാറിനോടും കോൺഗ്രസ് ചെയ്തത്.

*പി.റ്റി.ചാക്കോയൊടു ചെയ്ത ചതി തന്നെയാണ് കെ.എം.മാണി സാറിനോടും കോൺഗ്രസ് ചെയ്തത്......* 

        കെ.എം മാണിസാർ കാലയവനികയ്ക്കുള്ളിൽ മറഞ്ഞ് ഒരു വർഷം കഴിഞ്ഞു.
മാണിസാർ  നേതൃത്വം നൽകിയ കേരളാ കോൺഗ്രസ് (എം), ജോസ്.കെ.മാണിയുടെയും, പി.ജെ.ജോസഫിൻ്റെ നേതൃത്വത്തിൽ വഴി പിരിഞ്ഞു.

 UDF ൽ നിന്നും പുറത്താക്കിയതിനെ തുടർന്ന് കേരളാ കോൺഗ്രസ് ( എം) LDF മുന്നണിയുമായി അടുക്കുന്നു.
കേരളാ കോൺഗ്രസ് (എം) LDF ൽ എത്തിയാൽ കോൺഗ്രസിനും UDF നും ഉണ്ടാവുന്ന വലിയ നഷ്ടം തിരിച്ചറിഞ്ഞ കോൺഗ്രസ് നേതാക്കൾ മാണി സാറിനെക്കുറിച്ച് വാഴ്ത്തിപ്പാടുന്നതും, മാണിസാറിനെയോർത്ത് പരിതപ്പിക്കുന്നതും കാണുമ്പോൾ പഴയ ചില കാര്യങ്ങൾ ഓർത്തു പോവുകയാണ്.

 കോൺഗ്രസ് മാണിസാറിനോട് എന്നെങ്കിലും നീതി കാണിച്ചിട്ടുണ്ടോ..
ഇല്ല എന്നു മാത്രമല്ല ഒരു മുന്നണിയിൽ തന്നെ നിൽക്കുമ്പോഴും അദ്ദേഹത്തോടും അദ്ദേഹത്തിൻ്റെ പാർട്ടിയോടും കാണിച്ചിരുന്ന സ്നേഹം ധ്യതരാഷ്ട്രാലിംഗനം ആയിരുന്നു എന്നതാണ് സത്യം .
അരനൂറ്റാണ്ട് മുൻപ് പി.റ്റി.ചാക്കോയോട്  കോൺഗ്രസ് കാണിച്ച അതേ ചതി തന്നെയാണ് മാണിസാറിനോടും കാണിച്ചത്.   

രണ്ടു സംഭവങ്ങളിലും ഏറെ സമാനതകൾ കാണുവാൻ കഴിയും.

  EMS സർക്കാരിൻ്റെ നേത്യത്വത്തിലുള്ളആദ്യ ഗവൺമെറ്റിൻ്റെ കാലത്ത് പ്രതിപക്ഷ നേതാവായിരുന്ന, ആ സർക്കാരിനെതിരെ നടന്ന പ്രക്ഷോഭത്തെ മുന്നിൽ നിന്നു നയിച്ച പി.റ്റി.ചാക്കോ ആയിരുന്നു സ്വഭാവികമായും 1960 ൽ മുഖ്യമന്ത്രി ആവേണ്ടിയിരുന്നത് 

എന്നാൽ അദ്ദേഹത്തെ ഒഴിവാക്കാൻ കോൺഗ്രസിൽ ചിലർ നടത്തിയ ഗൂഡാലോചനയുടെ ഭാഗമായി മുഖ്യമന്ത്രി സ്ഥാനം PSP യ്ക്ക് വിട്ടു നൽകി, പട്ടം താണുപിള്ളയെ മുഖ്യമന്ത്രിയാക്കി..

എന്നാൽ
ആഭ്യന്തര-റവന്യൂ-എക്സൈസ് വകപ്പുകളോടെ പി .റ്റി ചാക്കോയെ ആ മന്ത്രിസഭയിയിൽ ഏറ്റവും 
കരുത്തനും,പ്രധാനിയുമായി നിലനിർത്തേണ്ടി വന്നു.

  കുറെ നാൾ കഴിഞ്ഞപ്പോൾ പട്ടത്തിനെ പഞ്ചാബ്ഗവൺറായി അയച്ചപ്പോഴും PT ചാക്കോയെ തഴഞ്ഞ് R ശങ്കറിനെയാണ് കോൺഗ്രസ് മുഖ്യമന്ത്രി ആക്കിയത്.

      അധികം വൈകാതാണ് പിറ്റി ചാക്കോയ്ക്ക് എതിരെ "പീച്ചി സംഭവം " ഉയരുന്നത്. തൃശൂർ പീച്ചിയിൽ വച്ച് പി റ്റി ചാക്കോയുടെ ഔദ്യോഗിക വാഹനത്തിൽക്കുന്നു. ആ കാറിൽ അദ്ദേഹത്തോടെപ്പം ഒരു സ്ത്രീയും ഉണ്ടായിരുന്നു എന്നതായിരുന്നു ആരോപണം.

      ഈ വിഷയത്തിൽ പ്രതിപക്ഷമായ കമ്യൂണിസ്റ്റ് പാർട്ടി ആരോപണം ഉയർത്തുന്നതിനു മുൻപായി കോൺഗ്രസുകാർ തന്നെയാണ് രംഗത്തുവന്നതും, വിവാദമാക്കിയതും, 
കോൺഗ്രസ് MLA ആയ പ്രഹ്ളാദനാണ് പി.റ്റി.ചാക്കോ രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് സത്യാഗ്രഹം നടത്തിയത്.

     മന്ത്രി സ്ഥാനം രാജിവച്ച PT ചാക്കോ അഭിഭാഷകവൃത്തിയിലേയ്ക്കു മാറി.

    ഒരു കേസുമായി ബന്ധപ്പെട്ട് കോഴിക്കോട് ജില്ലയിലെ മലയോര ഗ്രാമമായ കാവിലംപാറയിൽ എത്തിയ അദ്ദേഹത്തിന് അവിടെ വച്ച് ഹൃദയാഘാതമുണ്ടാവുകയും കാലയവനികയ്ക്കുള്ളിൽ മറയുകയും ചെയ്തു.

      പിറ്റി ചാക്കോയുടെ അനുയായികൾ രൂപീകരിച്ച കേരളാ കോൺഗ്രസിനോടും ആ പാർട്ടിയിലെ പ്രധാന നേതാവായ മാണിസാറിനോടും കോൺഗ്രസ് ഇതേ ചതിയും, വഞ്ചനയും തന്നെയാണ് കാട്ടിയിട്ടുള്ളത്.

     മാണിസാറും പാർട്ടിയും 1982ൽ UDFൽ എത്തി. കരുണാകരൻ സർക്കാരിൽ ധനകാര്യ മന്ത്രിയായി മാണിസാർ തിളങ്ങി നിൽക്കൂമ്പോഴാണ് പ്രതിശ്ചായ നന്നാക്കാനെന്നു പറഞ്ഞ് മന്ത്രിസഭാ പുനസംഘട നടത്തി ധനവകുപ്പ് കോൺഗ്രസ് ഏറ്റെടുക്കുകയും ജലസേചന വകുപ്പ് നൽകുകയും ചെയ്തത്..

      1991ലെ UDF ഭരണകാലത്ത് KC ( M) പിളർത്തി ജേക്കബ് ഗ്രൂപ്പ് ഉണ്ടാക്കിയതിന് എല്ലാ സഹായവും കോൺഗ്രസ് നൽകി. 

    പാർട്ടി പിളരുന്നതിനു മുൻപ് തന്നെ UDF യോഗത്തിലേയ്ക്ക് KC ( M) നിർദ്ദേശിച്ചിരുന്ന പ്രതിനിധികളെ കൂടാതെ കരുണാകരൻ്റെ പ്രത്യേക താല്പര്യപ്രകാരം TM ജേക്കബിനെ പങ്കെടുപ്പിച്ചിരുന്നത് അന്ന് വാർത്തയായിരുന്നു.
കേന്ദ്രത്തിൽ ചന്ദ്രശേഖർ മന്ത്രിസഭയിൽ KC ( M) ന് മന്ത്രി സ്ഥാനം ഉറപ്പു നൽകുകയും, മാണിസാർ കേന്ദ്ര ക്യാബിനെറ്റ് മന്ത്രിയാവും എന്ന സാഹചര്യം ഉണ്ടാവുകയും ചെയ്തപ്പോൾ അവസാന നിമിഷം അത് അട്ടിമറിച്ചതും കോൺഗ്രസ് ആയിരുന്നു.
   
    ഇത്രയധികം പിളർപ്പുകളെ അതിജീവിച്ച്  KC ( M) ആതിൻ്റെ സ്വാധീനമേഖലകളിൽ, പ്രത്യേകിച്ചും കോട്ടയം, ഇടുക്കി ജില്ലകളിലും എറണാകുളം, പത്തനംതിട്ട ജില്ലകളുടെ കുറെ ഭാഗങ്ങളിലും കരുത്ത് തെളിയിച്ച് പിടിച്ചു നിന്നപ്പോൾ പഞ്ചായത്തു മുതൽ നിയമസഭ വരെ എല്ലായിടത്തും കാലുവാരി തോൽപ്പിക്കുക എന്നതായി കോൺഗ്രസിൻ്റെ പരിപാടി..
കാലങ്ങളായി പാലായിൽ ഏതെങ്കിലും കോൺഗ്രസുകാരൻ മാണി സാറിന് വോട്ടു ചെയ്യാറുണ്ടോ? 2016 ലെ തെരഞ്ഞെടുപ്പിൽ പാലാ, ചങ്ങനാശ്ശേരി, കാഞ്ഞിരപ്പിള്ളി മണ്ഡലങ്ങളിൽ കഷ്ടിച്ചാണ് കടന്നു കൂടിയത്.
     കഴിഞ്ഞ UDF ഭരണ കാലത്ത് ഉയർന്നു വന്ന ബാർ കോഴ വിവാദത്തിനു പിന്നിലും കോൺഗ്രസ് തന്നെ ആയിരുന്നു.

    അരനൂറ്റാണ്ട് പിന്നിട്ട കേരളാ കോൺഗ്രസിൻ്റെ അനിഷേധ്യ നേതാവായ മാണി സാറിനെ മുഖ്യമന്ത്രി ആക്കണമെന്ന ആഗ്രഹം പാർട്ടിയ്ക്ക് അകത്തും പുറത്തും ഉള്ളവർക്കിടയിൽ ഉയർന്നു വരികയും, അതിന് അനുകൂലമായ സാഹചര്യം കേരള രാഷട്രീയത്തിൽ ഉരിത്തിരിഞ്ഞു വരികയും ചെയ്ത അതേ സമയത്താണ്  ബാർകോഴ വിവാദം ഉയരുന്നത്.

   ആരോപണവുമായി ആദ്യം രംഗത്തു വന്ന ബിജു രമേശിനു പിന്നിൽ ആരായിരുന്നു എന്നും, അദ്ദേഹത്തിന് അടുപ്പമുള്ളവർ ആരെല്ലാമാണ് എന്നും ഇന്ന് എല്ലാവർക്കും ബോധ്യമായിട്ടുണ്ട്.
ബാർ കോഴ വിവാദത്തിൽ മന്ത്രി KKബാബുവിനോടും മാണി സാറിനോടും കോൺഗ്രസ് കാണിച്ചത് ഇരട്ടനീതിയാണെന്ന് പറഞ്ഞത് കോൺഗ്രസ് നേതാവ് PJ കുര്യൻ ആണ്.

      വിവാദം ഉയർന്നപ്പോൾ സ്വഭാവികമായും പ്രതിപക്ഷം സമരത്തിനിറങ്ങി.

       കോൺഗ്രസ് കാട്ടിയ കുതന്ത്രത്തിലുടെ മാണി സാറിന് നഷ്ടമായത് മുഖ്യമന്ത്രി സ്ഥാനം മാത്രമല്ല. ഒരു മനുഷ്യായുസ്സുകൊണ്ട് പൊതുസമൂഹത്തിൽ ഉണ്ടാക്കിയെടുത്ത സ്വീകാര്യതയും, ഇമേജും കൂടിയാണ്.
  ആ ദുഖവും മനോവേദനയും പിന്നിടു ജീവിച്ചിരുന്നത്രയും നാൾ  ആ മുഖത്തു നിഴലിച്ചിരുന്നു.

    ബാർ കോഴ ആരോപണം സംബന്ധിച്ച് പഠിക്കാൻ KC (M) നിയോഗിച്ച സബ് കമ്മിറ്റി, ഈ വിഷയത്തിൽ കോൺഗ്രസ് കാട്ടിയ നെറികേട് കണ്ടെത്തുകയും അതേ തുടർന്ന് ചരൽക്കുന്നിൽ ചേർന്ന പാർട്ടി നേതൃയോഗം UDF വിടുവാനും തീരുമാനിച്ചു. 

    എന്നാൽ ആ സബ് കമ്മിറ്റിയുടെ കണ്ടെത്തൽ സംബസിച്ചോ, ബാർ കോഴ ആരോപണത്തിനു പിന്നിലെ കോൺഗ്രസ് ബന്ധം സംബന്ധിച്ചോ മാണിസാർ പൊതു സമൂഹത്തോട് തുറന്നു പറഞ്ഞില്ല. അന്ന് അത് തുറന്നു പറഞ്ഞിരുന്നെങ്കിൽ നന്നായിരുന്നു എന്നതാണ് എൻ്റെ ആഭിപ്രായം...

 പിന്നിട് ഇപ്പോൾ KC ( M) ൽ ഉണ്ടായ ഭിന്നിപ്പിലും കോൺഗ്രസ് സ്വീകരിച്ച നിലപാട് നമ്മൾ കണ്ടതാണ്.
തമ്മിൽ തല്ലി ഈ പാർട്ടി ഇല്ലാതായാൽ അതിനിടയിലൂടെ വളർന്നു കയറാമെന്ന 
കുടിലതന്ത്രമാണ് കോൺഗ്രസ് എല്ലാക്കാലത്തും സ്വീകരിച്ചു പോരുന്നത്..
      ഇപ്പോഴെങ്കിലും കോൺഗ്രസിൻ്റെ ധൃതരാഷ്ട്രാലിംഗനത്തിൽ നിന്നും രക്ഷപ്പെട്ട കേരളാ കോൺഗ്രസ് (എം) ന് അഭിനന്ദനങ്ങൾ.
  സുരേഷ് മൈലാട്ടുപാറ

Comments

Popular posts from this blog

Bullet train will need 100 trips daily to be financially viable: IIM Ahmedabad study

കേരളത്തെ ഒരു മഹാദുരന്തത്തിലേക്കാണ് നയിക്കുന്നത്. കേരള ജനസംഖ്യയുടെ മൂന്ന് ശതമാനം മാത്രം വരുന്ന രാഷ്ട്രീയ നേതാക്കളെയും ഉദ്യോഗസ്ഥരെയും സംരക്ഷിക്കാനുള്ള ചിലവ്

തമിഴ്നാട് RTCയിലെ യാത്രാനുഭവം പങ്കുവച്ച് മലയാളി യുവതി