കായല്‍കയ്യേറ്റം നടത്തിയ മന്ത്രി തോമസ് ചാണ്ടിയെ പുറത്താക്കണം:

മുഖ്യമന്ത്രി പിണറായി വിജയനു കെ.പി.സി.സി. ട്രഷറര്‍ അഡ്വ.ജോണ്‍സണ്‍ എബ്രഹാമിന്റെ തുറന്ന കത്ത്.

ബഹുമാനപ്പെട്ട മുഖ്യമന്ത്രി

കായല്‍കയ്യേറ്റം നടത്തിയ മന്ത്രി തോമസ് ചാണ്ടിയെ പുറത്താക്കണം:

മന്ത്രിക്കെതിരെ ക്രിമിനല്‍ കേസെടുക്കണം.

മുഖ്യമന്ത്രി പിണറായി വിജയനു കെ.പി.സി.സി. ട്രഷറര്‍ അഡ്വ.ജോണ്‍സണ്‍ എബ്രഹാമിന്റെ തുറന്ന കത്ത്.

ബഹുമാനപ്പെട്ട മുഖ്യമന്ത്രി,

രാഷ്ട്രീയത്തിലെയും ഭരണതലത്തിലെയും അഴിമതിയെ ശക്തമായി ചെറുക്കണമെന്ന് 71-ാമത് സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് അങ്ങ് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന പരേഡില്‍ അഭിവാദ്യം സ്വീകരിച്ചുകൊണ്ട് ഉദ്‌ബോധിപ്പിക്കുകയുണ്ടായി. ജീര്‍ണ്ണ രാഷ്ട്രീയ സാഹചര്യത്തില്‍ നിന്നും കേരളത്തെ മോചിപ്പിച്ചു എന്നും നിയമസഭയില്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തില്‍ അവകാശപ്പെട്ടു.

എന്നാല്‍ ഗതാഗതമന്ത്രി തോമസ് ചാണ്ടി മാര്‍ത്താണ്ഡം കായല്‍ കയ്യേറുകയും, നിലം നികത്തുകയും ചെയ്തതു വഴി കേരള ഭൂവിനിയോഗ ഉത്തരവ്, നെല്‍വയല്‍ നീര്‍ത്തടം സംരക്ഷണ നിയമം തുടങ്ങിയവ പരസ്യമായി ലംഘിച്ചിരിക്കുകയാണ്. അധികാരു ദുര്‍വിനിയോഗം, നിയമലംഘനങ്ങള്‍, സത്യപ്രതിജ്ഞാലംഘനം എന്നിവ നടത്തിയ മന്ത്രിക്കെതിരെ ക്രിമിനല്‍ കേസെടുക്കുവാനും, ഇതുസംബന്ധിച്ച് ഒരു ഉന്നത തല അന്വേഷണത്തിന് ഉത്തരവിടാനും മുഖ്യമന്ത്രി തയ്യാറാകണമെന്ന് ആവശ്യപ്പെടുന്നു. അന്വേഷണ സമയത്ത് അദ്ദേഹം മന്ത്രിസ്ഥാനത്തിരിക്കുന്നത് ധാര്‍മ്മിക, മൂല്യാധിഷ്ഠിത രാഷ്ട്രീയത്തിന് നിരക്കാത്തതിനാലും, ജീര്‍ണ്ണ സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ ആവശ്യമായതിനാലും ഗതാഗതമന്ത്രിയെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കുന്നത് ഉചിതമായിരിക്കുമെന്ന് കരുതുന്നു.

2011-ലെ കുട്ടനാട് തഹസീല്‍ദാരുടെ റിപ്പോര്‍ട്ടില്‍ തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള വാട്ടര്‍ വേള്‍ഡ് ടൂറിസം കമ്പനി മാര്‍ത്താണ്ഡം കായലിലെ ഭൂമി അനധികൃതമായി കയ്യേറി നികത്തിയതായി പറഞ്ഞിരിക്കുന്നു. ഭൂമി തിരിച്ചു പിടിക്കാന്‍ മൂന്നാര്‍ ദൗത്യസംഘത്തിന്റെ മോഡലില്‍ റവന്യു, സര്‍വ്വേ, തുടങ്ങിയ ഉദ്യോഗസ്ഥരുടെ ടീമിനെ നിയോഗിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

ഭൂരരഹിതരായ കര്‍ഷക തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ നല്‍കിയ ഭൂമിയാണ് തട്ടിയെടുത്ത് അനധികൃതമായി നികത്തിയത്.

2017-ല്‍ തോമസ് ചാണ്ടി മന്ത്രിയായതിന് ശേഷവും നൂറുകണക്കിന് ടിപ്പര്‍ ലോറികളില്‍ 'പൊതുമരാമത്ത് വകുപ്പ്  അര്‍ജന്റ് വര്‍ക്ക്,' എന്ന ബോര്‍ഡുവെച്ച് റവന്യൂ പോലീസ് ഉദ്യോഗസ്ഥരുടെ കണ്‍മുമ്പിലൂടെയാണ് കായല്‍ നികത്തല്‍ നടന്നത് എന്നത് ഞെട്ടിപ്പിക്കുന്നു.

2011-ലെ റിപ്പോര്‍ട്ടിന് ഘടക വിരുദ്ധമായി മന്ത്രിയെ രക്ഷിക്കാന്‍ വേണ്ടി സര്‍ക്കാരിന്റെ ഇംഗിതം മനസ്സിലാക്കി, ഉദ്യോഗസ്ഥര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍, വസ്തുതകള്‍ മറച്ചുവെച്ചുകൊണ്ട് കയ്യേറ്റം നടത്തിയിട്ടില്ലെന്നാണ് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത്.

'പരിസ്ഥിതിയും നദിയും പുഴകളും സംരക്ഷിക്കണമെന്നും അതിനാണ് ഹരിതകേരളം പോലുള്ള പദ്ധതികള്‍ നടപ്പാക്കുന്നതെന്നും' മുഖ്യമന്ത്രി പി.കൃഷ്ണപിള്ളയുടെ 69-ാമത് ചരമവാര്‍ഷികം മുഹമ്മയില്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിച്ചത് ഓര്‍മ്മിപ്പിക്കുന്നു.

ജൈവ വൈവിദ്ധ്യങ്ങളുടെ കലവറയായ വേമ്പനാട്ട് കായലിനെ സംരക്ഷിക്കാന്‍ നടപടികള്‍ ഉണ്ടാകണം. അതീവ പാരിസ്ഥിതിക പ്രാധാന്യമുള്ള റാംസര്‍ മേഖലയാണ് വേമ്പനാട്ട് കായല്‍. പകരം വെയ്ക്കുവാന്‍ മറ്റൊന്നില്ലാത്ത പ്രകൃതിവിഭവങ്ങളുടെ കലവറയാണ് കായല്‍. കയ്യേറ്റങ്ങള്‍ വേമ്പനാട്ട് കായലിന്റെ വിസ്തൃതി കുറച്ചു. കണമ്പ്, കരിമീന്‍, ചെമ്പല്ലി തുടങ്ങിയ മത്സ്യ സമ്പത്തുകള്‍ അന്യമായി. ആയിരക്കണക്കിന് മത്സ്യതൊഴിലാളികള്‍ക്കും കര്‍ഷകര്‍ക്കും ഭക്ഷണവും സംരക്ഷണവും നല്‍കുന്നത് വേമ്പനാട്ട് കായലാണ്. കായലിന്റെ മരണം ആസന്നമായി. വേമ്പനാട്ട് കായലിന് ഉദകക്രിയ ചെയ്യുന്ന ഗതാഗതമന്ത്രി നാടിന് അപമാനമാണ്.

'വരും തലമുറയെ ഏല്‍പ്പിക്കേണ്ടത് കൂടുതല്‍ നല്ലനാടിനെയാണ്. നശിച്ച നാടിനെയല്ല. നദികളുടെ ജീവന്‍ വീണ്ടെടുക്കുന്നതിനേക്കാള്‍ മെച്ചപ്പെട്ട കാര്യമില്ല'.

ആദിപമ്പ-വരട്ടാര്‍ പുനരുജ്ജീവന പദ്ധതി ഉദ്ഘാടന ചടങ്ങില്‍ അങ്ങ് ഇപ്രകാരം പറഞ്ഞത് നമുക്ക് പ്രാവര്‍ത്തികമാക്കണം. അങ്ങയുടെ മന്ത്രിസഭയിലെ ഗതാഗത മന്ത്രി നാടിനെയും പാരിസ്ഥിതിയെയും നശിപ്പിക്കുകയാണ്. അങ്ങനെയൊരു മന്ത്രിയെ നാടിന് ആവശ്യമില്ല. തണ്ണീര്‍ത്തട സംരക്ഷണനിയമം അനുസരിച്ച് റാംസര്‍ മേഖലയുടെ ഭൂഘടന മാറ്റാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ മുന്‍കൂര്‍ അനുമതി ആവശ്യമാണ്.

തണ്ണീര്‍ത്തടങ്ങള്‍ക്ക് ഭീഷണിയാകുന്ന അനധികൃത നികത്തലുകളും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും സര്‍ക്കാര്‍ അടിയന്തിരമായും തടയണം.

വരാനിരിക്കുന്ന കടുത്ത വരള്‍ച്ചയെ നേരിടാന്‍ കായല്‍ സംരക്ഷണം അനിവാര്യമാണ്. നെല്‍വയല്‍ നീര്‍ത്തടം സംരക്ഷണ നിയമം അനുസരിച്ചുള്ള ഡേറ്റാ ബാങ്ക് രൂപീകരണം ഇപ്പോള്‍ അനിശ്ചിതത്വത്തിലാണ്. നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമം ഭൂമാഫിയായ്ക്ക് വേണ്ടി അട്ടിമറിക്കപ്പെടുകയാണെന്ന് കരുതുന്നു.

സാങ്കേതികത്വങ്ങള്‍ പരിഹരിച്ച് സാറ്റലൈറ്റ് ഇമേജോടുകൂടി ഡേറ്റാബാങ്ക് പൂര്‍ത്തിയാക്കാന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപടി ഉണ്ടാവണം.

കോടതിവിധികള്‍ക്ക് മുഖ്യമന്ത്രി പ്രത്യേക പരിഗണന കൊടുക്കാറുണ്ടല്ലോ. ഹൈക്കോടതിയുടെ ഒരു സുപ്രധാന പരാമര്‍ശം പ്രസക്തമാണ്. 'പൊതുജനത്തിന് പ്രയോജനപ്പെടുംവിധം സര്‍ക്കാര്‍ ഭൂമി തിരിച്ചുപിടിക്കുന്നതിന് നിയമതടസ്സങ്ങള്‍ ഇല്ല. സുപ്രീം കോടതിയുടെയും ഹൈക്കോടതിയുടെയും അനുകൂല വിധിന്യായങ്ങളുമുണ്ട്. വ്യക്തമായ നിയമങ്ങളും നിലവിലുണ്ട്. ഇതു നടപ്പാക്കാന്‍ രാഷ്ട്രീയ ഇച്ഛാശക്തിയും ഉദ്യോഗസ്ഥരുടെ ആര്‍ജവവുമാണ് വേണ്ടത്. എല്ലാം ശരിയാക്കുമെന്ന പ്രതിജ്ഞയോടെ അധികാരത്തിലെത്തിയ സര്‍ക്കാരില്‍ നിന്ന് ശക്തവും ഫലപ്രദവുമായ നടപടി ജനം പ്രതീക്ഷിക്കുന്നതില്‍ തെറ്റുപറയാനാകുമോ.'

നിയമങ്ങള്‍ നടപ്പാക്കാനുള്ള ഇച്ഛാശക്തി മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നും ഉണ്ടാകുമെന്ന് കരുതുന്നു. കുട്ടനാടിനെ കാര്‍ഷിക, പാരിസ്ഥിതിക വൈവിധ്യമേഖലയായി പ്രഖ്യാപിക്കാനുള്ള നടപടികളും ഉണ്ടാകണം.

'കമ്മ്യൂണിസ്റ്റ് ഭരണമുള്ള സംസ്ഥാനത്ത്- ജ•ിമാരുടെ സംവിധാനത്തിലാണോ കാര്യങ്ങള്‍ നടത്തുന്നതെന്ന് ചീഫ് ജസ്റ്റീസ് അദ്ധ്യക്ഷനായ ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ചോദിക്കുകയുണ്ടായി.

മുന്നാര്‍ കയ്യേറ്റം, കോവളം കൊട്ടാരം, സ്വാശ്രയ മെഡിക്കല്‍ കോളേജ് പ്രവേശനം, ഹാരിസണ്‍ ഭൂമി കയ്യേറ്റം, ബാറുകള്‍ക്കും, ക്വാറികള്‍ക്കും ദൂരപരിധി ഇളവ് ഇതൊക്കെ കാണുമ്പോള്‍ കോര്‍പ്പറേറ്റ് മുതലാളിത്ത താല്‍പര്യങ്ങള്‍, ജനങ്ങളെ മറന്ന് സംരക്ഷിക്കപ്പെടുകയാണെന്ന് മനസ്സിലാക്കാന്‍ കഴിയും.

കുട്ടനാട്ടിലെ ചേന്നങ്കേരി മാത്തൂര്‍ കുടുംബക്കാര്‍ക്ക് ചെമ്പകശ്ശേരി രാജാവും, തിരുവിതാംകൂര്‍ രാജാവും നൂറ്റാണ്ടിന് മുമ്പ് നെല്‍വയല്‍ അടക്കം ഏക്കറുകളോളം ഭൂമി കരമൊഴിവായി നല്‍കിയിരുന്നു. ഇതില്‍ മാത്തൂര്‍ ഭഗവതി ക്ഷേത്രവും ഉള്‍പ്പെട്ടിരുന്നു. ആലപ്പുഴ കൈനകരി തെക്ക് ചേന്നങ്കരിയില്‍ ഗതാഗതമന്ത്രി 34.68 ഏക്കര്‍ ഭൂമി കൈവശപ്പെടുത്തിയത് വ്യാജരേഖകളുടെ ബലത്തിലാണെന്ന് ആക്ഷേപമുണ്ട്. മന്ത്രിയുടെ കൈവശമുള്ള പട്ടയം മാത്തൂര്‍ ഭഗവതി ദേവസ്വത്തിന്റേതാണ്. വ്യാജരേഖകളുടെ പിന്‍ബലത്തിലാണ് മന്ത്രി ഭൂമി സ്വന്തമാക്കിയത്. കുട്ടനാട് തഹസീല്‍ദാരും കൈനകരി വില്ലേജ് ഓഫീസറും ഇതിന് കൂട്ടുനിന്നതായി ആക്ഷേപം ഉണ്ട്. ഇത് സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെടുന്നു.

സ്‌നേഹാദരപൂര്‍വ്വം,

തിരുവനന്തപുരം അഡ്വ.ജോണ്‍സണ്‍ എബ്രഹാം

18-9-2017 കെ.പി.സി.സി.ട്രഷറര്‍

Comments

Popular posts from this blog

Bullet train will need 100 trips daily to be financially viable: IIM Ahmedabad study

കേരളത്തെ ഒരു മഹാദുരന്തത്തിലേക്കാണ് നയിക്കുന്നത്. കേരള ജനസംഖ്യയുടെ മൂന്ന് ശതമാനം മാത്രം വരുന്ന രാഷ്ട്രീയ നേതാക്കളെയും ഉദ്യോഗസ്ഥരെയും സംരക്ഷിക്കാനുള്ള ചിലവ്

തമിഴ്നാട് RTCയിലെ യാത്രാനുഭവം പങ്കുവച്ച് മലയാളി യുവതി