കേരളകോൺഗ്രസ് രാഷ്ട്രീയവും ഇടതുപക്ഷ ബന്ധവും മുൻപും പിൻപും അതിന്റെ കാലിക പ്രസക്തിയും

കേരളകോൺഗ്രസ് രാഷ്ട്രീയവും ഇടതുപക്ഷ ബന്ധവും മുൻപും പിൻപും അതിന്റെ കാലിക പ്രസക്തിയും 

 കേരളാ കോൺഗ്രസ് രാഷ്ട്രീയവും ഇടതുപക്ഷ ബന്ധവും മുൻപും പിൻപും അതിന്റെ കാലിക പ്രസക്തിയും ചർച്ച ചെയ്യപ്പെടുകയും വിലയിരുത്തുകയും ചെയ്യപ്പെടുമ്പോൾ 1964 ഒക്ടോബർ 9ന് പാർട്ടി ജന്മമെടുത്തത് ‌ മുതലുള്ള രാഷ്ട്രീയം വിലയിരുത്തേണ്ടതുണ്ട്.

   കോൺഗ്രസിന്റെ ജനാധിപത്യ, കർഷകവിരുദ്ധ നിലപാടുകളിൽ പ്രതിഷേധിച്ചു. സ്വന്തം പാർട്ടിയിൽ നിൽക്കുന്നവരെ വ്യക്തിഹത്യ നടത്തുകയും, തേജോവധം ചെയ്യുകയും , അപമാനിക്കുകയും ചെയ്യുന്ന ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെ മ്ലേഛതയിൽ മനംനൊന്ത് ,  ജനകീയ താല്പര്യങ്ങൾക്ക് അപ്പുറം വ്യക്തി താല്പര്യം സംരക്ഷിക്കുന്ന നേതാക്കളുടെ പ്രവർത്തന ശൈലിയിൽ പ്രതിഷേധിച്ചും ആണ് കേരള കോൺഗ്രസ് രൂപം കൊണ്ടത്.
             ഇത്തരത്തിലുള്ള പ്രവർത്തനങ്ങളോടപ്പം കർഷക ജനതയോടുള്ള അവഗണനയും, കർഷക കുടിയിറക്കുകളും, കോൺഗ്രസിനെതിരായ പ്രതിഷേധം ശക്തമാക്കി.ഈ കാരണങ്ങളെല്ലാം തന്നെ കേരള കോൺഗ്രസ് രൂപീകരണത്തിന് ശക്തി പകർന്ന കാരണങ്ങളാണ്.
          ഈ ശക്തി സമാഹരിച്ചു. കർഷകരിലും , ഇടത്തരക്കാരിലും, ഈശ്വര വിശ്വാസികളിലും പ്രതീക്ഷയർപ്പിച്ച് ആദ്യ നിയമസഭാ തിരഞ്ഞെടുപ്പിൽ 60 സ്ഥലങ്ങളിൽ കേരള കോൺഗ്രസ് മത്സരിച്ചു.
ഒരാൾക്കൂട്ടത്തിന്റെ വൈകാരിക മുന്നേറ്റം 25 സ്ഥലങ്ങളിൽ പാർട്ടി വിജയം വരിക്കുകയും , കോവളം ,കൽപ്പറ്റ, ചാലക്കുടി, പെരുമ്പാവൂർ, ഉടുമ്പും ചോല, വൈക്കം, റാന്നി, എന്നീ നിയോജകമണ്ഡലങ്ങളിൽ രണ്ടാം സ്ഥാനത്തെത്തുകയും ചെയ്തപ്പോൾ കേരളത്തിലെ രാഷ്ട്രീയ യജമാനന്മാർ എന്ന് കരുതിയിരുന്നവർ ഞെട്ടി. കേരള കോൺഗ്രസിന്റെ 25 അംഗങ്ങളുടെ പിന്തുണയോടെ ഒരു ഗവൺമെന്റ് രൂപീകരിക്കാനുള്ള അവസരം കോൺഗ്രസ് നിഷ്കരുണം തള്ളിക്കളഞ്ഞു.കേരളത്തിൽ ഒരു ജനകീയ ഗവൺമെന്റ് സ്ഥാപിക്കുന്നതാണ് ഏറ്റവും ഉചിതം എന്ന് മനസിലാക്കി കോൺഗ്രസ് ഒഴികെയുള്ള രാഷ്ട്രീയകക്ഷികൾ അതിനായി ശ്രമം ആരംഭിച്ചു .കോൺഗ്രസ് ഒഴികെ ആര് ഗവൺമെന്റ് രൂപീകരിച്ചാൽലും നിരുപാധികം പിന്തുണ നൽകാമെന്ന  നിർദ്ദേശം സിപിഎം ന്റെ  ഭാഗത്തുനിന്നും ഉണ്ടാവുകയും ചെയ്തു. അന്നത്തെ കേരള ഗവർണർ വി വി ഗിരിയുടെ പരിശ്രമം ഈ കാര്യത്തിൽ സഹായകമായി . കേരള കോൺഗ്രസ് ഉൾപ്പെട്ട ഒരു ഭരണം ഒരുകാരണവശാലും ഉണ്ടാകാതിരിക്കണമെന്ന്  ആഗ്രഹിച്ച കേരളത്തിലെ കോൺഗ്രസ് നേതാക്കൾ ഹൈക്കമാൻഡിൽ സമ്മർദ്ദം ചെലുത്തി രാഷ്ട്രപതി ഭരണം പ്രഖ്യാപിപ്പിച്ചു. 
" ആങ്ങള ചത്താലും നാത്തൂന്റെ  കണ്ണീര്  കാണണം" എന്ന മനോഭാവം അന്നും കോൺഗ്രസിനുള്ളിൽ, കേരള കോൺഗ്രസിന്റെ കാര്യത്തിൽ ശക്തമായിരുന്നു. കോൺഗ്രസ് നീതിയുടെ പക്ഷത്ത് അല്ലെന്ന് പറഞ്ഞാണ് അന്നത്തെ കോൺഗ്രസുകാരായ 15 എംഎൽഎമാർ കോൺഗ്രസ് വിട്ടത്.
ഇന്നും അതുതന്നെ ജോസ് കെ മാണിയും, കേരള കോൺഗ്രസ്(എം) ഉം ആവർത്തിക്കുന്നു. യുഡിഎഫിൽ നിന്നും കേരള കോൺഗ്രസ്സിനെ  ചവിട്ടി പുറത്താക്കിയാത്  അടക്കമുള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടി ജോസ് കെ മാണി പറയുന്നു കോൺഗ്രസിന്റെ കേരളഘടകം " നീതിയുടെ പക്ഷത്ത് അല്ല നിലകൊള്ളുന്നതെന്ന്.
           ഒരു ജനാധിപത്യ രാഷ്ട്രീയ പാർട്ടിയുടെ മൗലികമായ വിശേഷം അതിന്റെ ജനാധിപത്യ സ്വഭാവമാണ് അത് കോൺഗ്രസിൽ നിന്നും നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നു. കോൺഗ്രസ്സിൽ എക്കാലവും ഉള്ളത് ഗ്രൂപ്പ് മേധാവിത്വവും വർഗ്ഗ മേധാവിത്വവും ആണ്. യുഡിഎഫി നെ കോൺഗ്രസിന്റെ തറവാട്ടു സ്വത്തായിട്ടാണ് അവർ കണ്ടത്.

1967 ൽ വീണ്ടും തിരഞ്ഞെടുപ്പ് ആയി . രണ്ടുവർഷത്തെ പ്രസിഡണ്ട് ഭരണം അവസാനിപ്പിക്കുകയും, മന്ത്രിസഭ രൂപീകരിക്കാനും , ജനകീയ ഗവൺമെന്റ് പുനസ്ഥാപിക്കാനും ജനാധിപത്യ ഐക്യം ആവശ്യമാണെന്ന് കേരള കോൺഗ്രസ് ആവശ്യപ്പെട്ടു. കോൺഗ്രസ്സും കേരള കോൺഗ്രസ്സും മുസ്ലിം ലീഗും ഉൾപ്പെടെ സഹകരിക്കാൻ തയ്യാറുള്ളവരെ കൂട്ടി ജനാധിപത്യമുന്നണിയായി മത്സരിക്കണം എന്നതായിരുന്നു കേരള കോൺഗ്രസിന്റെ നിർദ്ദേശം. മുന്നണി എന്ന ആശയം തള്ളിക്കളഞ്ഞ കേരള കോൺഗ്രസിനോടുള്ള സംഹാരാത്മക നിലപാട് കോൺഗ്രസ് തുടർന്നു. അതുകൊണ്ടുതന്നെ ആ നിർദ്ദേശം കോൺഗ്രസ്സ്‌ തള്ളിക്കളഞ്ഞു.
          ഏകകക്ഷി ഭരണം എന്ന സ്വപ്നത്തിൽ കേരള കോൺഗ്രസിനെ കോൺഗ്രസിൽ ലയിപ്പിക്കാൻ ആണ് കോൺഗ്രസ് ശ്രമിച്ചത്. അതു നടക്കില്ലെന്ന് വന്നപ്പോൾ സീറ്റ് ചർച്ച തുടങ്ങി 65 ലെ തിരഞ്ഞെടുപ്പിലെ 25 സ്ഥാനങ്ങളും, രണ്ടാം സ്ഥാനത്ത് വന്ന 7 എണ്ണവും കൂടി 32 സീറ്റുകൾ കേരള കോൺഗ്രസ് ആവശ്യപ്പെട്ടു. 133 ൽ  32 കഴിച്ച് ബാക്കി 101 സീറ്റും കോൺഗ്രസും മുസ്ലിം ലീഗും എടുത്തു കൊള്ളാനും, ചർച്ച വന്നെങ്കിലും അതെല്ലാം തള്ളിക്കളഞ്ഞ കോൺഗ്രസ് മുന്നോട്ടുപോയി.
ഈ സമയത്ത് ബുദ്ധിമാനായ ഇഎംഎസിന്റെ നേതൃത്വത്തിൽ ഒരു സപ്തകക്ഷി മുന്നണി രൂപീകരിക്കുകയും തിരഞ്ഞെടുപ്പിനെ നേരിടുകയും ചെയ്തു. ജനഹിതം അറിഞ്ഞു പ്രവർത്തിക്കാത്ത കോൺഗ്രസിന് തിരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി ജനങ്ങൾ നൽകി. കേവലം 9 സ്ഥലങ്ങളിലാണ് അവർക്ക് വിജയിക്കാൻ കഴിഞ്ഞത്. കേരള കോൺഗ്രസിനും ജനങ്ങളുടെ  ശിക്ഷ ഏറ്റുവാങ്ങേണ്ടി വന്നു. വെറും അഞ്ച് സ്ഥലങ്ങളിലെ കേരള കോൺഗ്രസിന് ജയിക്കാൻ കഴിഞ്ഞുള്ളൂ. 117 സ്ഥലങ്ങളിൽ ഇഎംഎസ് ന്റെ  നേതൃത്വത്തിലുള്ള മുന്നണി സ്ഥാനാർത്ഥികൾ വിജയിച്ചു. അങ്ങിനെ 1967 ൽ പ്രസിഡണ്ട് ഭരണം അവസാനിപ്പിച്ച് ഇഎംഎസിന്റെ നേതൃത്വത്തിൽ ജനകീയ ഗവൺമെന്റ് രൂപീകരിച്ചു.
        സ്വന്തം കുടുംബത്തിലെ അന്തച്ഛിദ്രം  ഇഎംഎസ് ഗവൺമെന്റിനെ  പ്രതിസന്ധിയിലാക്കി. സിപിഐയുടെ നേതൃത്വത്തിൽ ഒരു കുറു മുന്നണി രൂപം കൊണ്ടു. ഇതു മനസ്സിലാക്കിയ ഇ എം എസ്, മന്ത്രിസഭ പിരിച്ചുവിടാൻ ഗവർണർക്ക് കത്ത് നൽകുകയും രാജിവെച്ച് ഇറങ്ങിപ്പോവുകയും ചെയ്തു. എന്നാൽ സഭ പിരിച്ചു വിടാൻ കഴിഞ്ഞില്ല. കാരണം അപ്പോഴേക്കും ഇഎംഎസിന്റെ ഭൂരിപക്ഷം നഷ്ടപ്പെട്ടിരുന്നു. ടി എ മജീദിന്റെ  ( സിപിഐ നേതാവ്) ആരോപണങ്ങൾ അന്വേഷിക്കണമെന്ന് പ്രമേയം 60 നെതിരെ 69 വോട്ടുകൾക്ക് പാസായി.
   അന്നുതന്നെ കുറുമുന്നണി നേതാക്കൾ ഗവർണറെ കണ്ട് പുതിയ മന്ത്രിസഭ ഉണ്ടാക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു.

കോൺഗ്രസ് നേതാവ് കെ കരുണാകരനും, കേരള കോൺഗ്രസ് നേതാവ് കെ എം ജോർജും പുതിയ മന്ത്രിസഭയ്ക്ക് പിന്തുണ നൽകുന്നതായും അറിയിച്ചു.
 നവംബർ 1 കേരളപ്പിറവി ദിനത്തിൽ സിപിഐ നേതാവ് സി അച്യുതമേനോന്റെ നേതൃത്വത്തിൽ പുതിയ ഗവർമെന്റ് രൂപംകൊണ്ടു. കേരള കോൺഗ്രസും കൂടി മന്ത്രി സഭയിൽ അംഗമാകണം എന്ന നിർബന്ധം എല്ലാവരിൽ നിന്നും ശക്തമായി .കോൺഗ്രസ് അടക്കമുള്ള നേതാക്കളുടെ അമിത സ്നേഹവും നിർബന്ധവും കേരള കോൺഗ്രസ് വിശ്വസിച്ചു. അതിലടങ്ങിയിരിക്കുന്ന ചതി 1970 ലെ തിരഞ്ഞെടുപ്പ് സമയത്താണ് കേരള കോൺഗ്രസിന് മനസ്സിലായത്. അച്യുതമേനോൻ മന്ത്രിസഭ വിശ്വാസവോട്ട് നേടിയപ്പോൾ  അനുകൂലമായി 66 വോട്ടും, പ്രതികൂലമായി 58 ഉം . കേരള കോൺഗ്രസിന്റെ അഞ്ചും കോൺഗ്രസിന്റെ 5 വോട്ടുകൾ ഗവർമെന്റിന് അനുകൂലമായി . കോൺഗ്രസിലെ നാല് എംഎൽഎമാർ കോൺഗ്രസിൽ ഉണ്ടായ പിളർപ്പിനെ തുടർന്ന് സംഘടനാ കോൺഗ്രസിൽ എത്തിയിരുന്നു. അങ്ങിനെ 1969 ൽ കേരള നിയമസഭയിൽ അംഗബലത്തിൽ കോൺഗ്രസ്സും കേരള കോൺഗ്രസ്സും തുല്യരായി . 1970 അയപ്പോഴേക്കും ഘടകകക്ഷി ആയിരുന്ന ഐ എസ് പിയിൽ പിളർപ്പ് ഉണ്ടായി. 19 അംഗങ്ങളുള്ള പാർട്ടിയിൽ ഉണ്ടായ ചേരി തിരിവിൽ ഒരു വിഭാഗത്തിന്റെ ആവശ്യം  അംഗീകരിച്ചാൽ മറുവിഭാഗം പിന്തുണ പിൻവലിക്കും എന്ന് അറിയാമായിരുന്ന മുഖ്യമന്ത്രി അച്യുതമേനോൻ,ഐ എസ് പിയിലെ ഒരു വിഭാഗം സിപിഐ(എം ) മായി ചർച്ച നടത്തുന്നു എന്ന് അറിഞ്ഞപ്പോൾ തന്നെ അപ്രതീക്ഷിതമായ ഒരു രാഷ്ട്രീയ നീക്കത്തിലൂടെ ഭൂരിപക്ഷ പിന്തുണയുള്ള തന്റെ ഗവർമെന്റിനെ പിരിച്ചുവിടാൻ   ഗവർണർനോട് ശുപാർശചെയ്തു. ഭരണഘടനാപരമായി, അംഗീകരിക്കാൻ മാത്രമേ ഗവർണർക്ക് കഴിയുമായിരുന്നുള്ളൂ അങ്ങിനെ 1970 ജൂൺ 26 അച്യുതമേനോൻ സർക്കാർന്റെ  ഭരണം അവസാനിപ്പിച്ചു നിയമസഭ പിരിച്ചുവിട്ടു.
അതോടുകൂടി ഇടക്കാല തിരഞ്ഞെടുപ്പിനുള്ള ഇലക്ഷൻ കമ്മീഷൻ പ്രഖ്യാപനമുണ്ടായി.
1969 ൽ 9 മാസക്കാലം ഭരണത്തിൽ പങ്കാളികളായ കേരള കോൺഗ്രസിന്റെ ഭരണം ജനങ്ങളിൽ മതിപ്പുണ്ടാക്കി. ആരോഗ്യവകുപ്പും ഗതാഗത വകുപ്പും ആർക്കും പരാതിക്ക് ഇട നൽകാത്ത വിധം കേരള കോൺഗ്രസിന്റെ പ്രതിനിധി ശ്രീ കെ എം ജോർജ് നിർവഹിച്ചു.
      1967 ലെ കനത്ത പരാജയം ഇനി ആവർത്തിക്കരുത് എന്ന് കേരള കോൺഗ്രസിന് ആഗ്രഹമുണ്ടായിരുന്നു. ആ കാര്യം കോൺഗ്രസിനോട് തുറന്നുപറയുകയും ചെയ്തു. എന്നാൽ കോൺഗ്രസിന് കേരള കോൺഗ്രസിനോട് ഉണ്ടായിരുന്ന സൗഹൃദം കുറുക്കന് കോഴിയോടുള്ള സൗഹൃദമായിരുന്നു. അതിപ്പോഴും തുടരുന്നു. 1970 ലെ സീറ്റ് ചർച്ചയിൽ കേരള കോൺഗ്രസിനെ ഒതുക്കാൻ ശ്രമം നടന്നു. ഒമ്പതുമാസം ഭരണത്തിൽ പങ്കു പറ്റിയത് കൊണ്ട് കിട്ടുന്നതും വാങ്ങി മുന്നണിയിൽ നിൽക്കും എന്നായിരുന്നു കോൺഗ്രസ് കരുതിയത്. തർക്കത്തിനൊടുവിൽ 14 സീറ്റുകൾ, അതിൽ ബഹുഭൂരിപക്ഷവും ജയസാധ്യത ഇല്ലാത്തതും നൽകാമെന്ന് പറഞ്ഞു .ആത്മാഭിമാനം അടിയറവ് വെച്ച് മുന്നണിയിൽ നിൽക്കേണ്ട എന്ന് പാർട്ടി തീരുമാനിച്ചു. കോൺഗ്രസിനു സന്തോഷമായി. ഇതോടെ കേരള കോൺഗ്രസ് അസ്തമിക്കും എന്നായിരുന്നു അവരുടെ കണക്കുകൂട്ടൽ.
   തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ കോൺഗ്രസ് മുന്നണിക്ക് 69 സീറ്റും, സിപിഎം മുന്നണിക്ക് 42 സീറ്റും ലഭിച്ചു. ഒറ്റയ്ക്ക് നിന്ന കേരള കോൺഗ്രസിന് 14 സീറ്റുകളും കിട്ടി. ഒതുക്കൽ പരിപാടി പൊളിഞ്ഞു. സിപിഎം മുന്നണിയും, കേരള കോൺഗ്രസും ക്രിയാത്മക പ്രതിപക്ഷമായി നിയമസഭയിൽ പ്രവർത്തിച്ചു. 1970 ലെ നിയമസഭാ തിരഞ്ഞെടുപ്പും 1971 ലെ ലോകസഭാ തിരഞ്ഞെടുപ്പും കേരള കോൺഗ്രസിന്റെ ജനകീയ അടിത്തറ ഭദ്രമാണെന്ന് തെളിയിക്കപ്പെട്ടു .
തിരഞ്ഞെടുപ്പ് സഖ്യത്തിന്റെ വിശ്വസ്തത കേരള കോൺഗ്രസ് എന്നും കാത്തു സൂക്ഷിച്ചിട്ടുണ്ട്. കൂടെ നിന്നാൽ 100 ശതമാനം ആത്മാർത്ഥതയോടെ നിൽക്കും. കുതികാൽ വെട്ടില്ല, കാലു വാരില്ല , പിന്നിൽ നിന്ന് കുത്തില്ല അതാണ് കേരള കോൺഗ്രസ് സംസ്കാരം. അതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് കേരള കോൺഗ്രസിനെ മുച്ചൂടും നശിപ്പിച്ചേ അടങ്ങൂ എന്ന് രഹസ്യമായും പരസ്യമായും പറയുകയും പ്രവർത്തിക്കുകയും ചെയ്യുന്ന സി എം സ്റ്റീഫനെ 1971-ലെ ലോകസഭാ തിരഞ്ഞെടുപ്പിൽ മൂവാറ്റുപുഴ നിയോജകമണ്ഡലത്തിൽ  ജയിപ്പിക്കാൻ കഴിഞ്ഞത്. 1970 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് വിഭജനത്തിൽ ഒതുക്കി കൊല്ലാൻ ശ്രമിച്ചിട്ടും തകരാതെ ജനകീയ അടിത്തറ ഉറപ്പിച്ച കേരള കോൺഗ്രസിനെ കൂടി ലോകസഭ തെരഞ്ഞെടുപ്പിൽ മുന്നണിയിൽ ചേർക്കണം എന്നുള്ള നിർദ്ദേശം പ്രധാനമന്ത്രി ശ്രീമതി ഇന്ദിരാഗാന്ധിയുടെതായിരുന്നു. കേരള കോൺഗ്രസിന്  മത്സരിക്കാൻ മൂന്ന് പാർലമെന്റ് നിയോജകമണ്ഡലങ്ങൾ നൽകി. കോട്ടയം, പീരുമേട്, മാവേലിക്കര എന്നിവിടങ്ങളിൽ, വർക്കി ജോർജ്, എം എം ജോസഫ്, ആർ ബാലകൃഷ്ണ പിള്ള എന്നിവർ എംപി മാരായി. 1971 ൽ മൂവാറ്റുപുഴയിൽ സി എം സ്റ്റീഫൻ എന്ന ഭാരമേറിയ കുരിശും വഹിച്ചു കെ എം ജോർജ് നടന്നു നീങ്ങുന്നു എന്ന ഒരു പ്രാർത്ഥന രൂപത്തിലുള്ള വിമർശനം പോലും അങ്ങനെയുണ്ടാതാണ്. കേരള കോൺഗ്രസിന്റെ ഒരൊറ്റ  പ്രവർത്തകനും ഉൾക്കൊള്ളാൻ കഴിയാത്ത തീരുമാനം ആണെങ്കിലും മുന്നണി മര്യാദ,അത് പാലിക്കുക തന്നെ ചെയ്യും എന്നതായിരുന്നു കേരള കോൺഗ്രസ് തീരുമാനം. ഇന്ദിരാഗാന്ധിക്ക് തിരിച്ചറിയാൻ കഴിഞ്ഞ കേരള രാഷ്ട്രീയ സാഹചര്യം കേരളത്തിലെ  കോൺഗ്രസുകാർക്ക് മനസ്സിലാക്കാൻ കഴിയാതെ പോയി, അന്നും ഇന്നും. എന്നാൽ ശ്രീമതി ഇന്ദിരാഗാന്ധി ഇത് മനസ്സിൽ സൂക്ഷിച്ചിരുന്ന ഒരു സത്യവും, യാഥാർത്ഥ്യവും ആയിരുന്നു.
ശ്രീ പി ടി ചാക്കോയെ മന്ത്രിസഭയിൽ നിന്നും പുകച്ചു പുറത്തു ചാടിക്കാൻ  പ്രഹ്ളാദൻ ഗോപാലൻ  എംഎൽഎയെ കൊണ്ട് നിരാഹാരം കിടത്തിച്ചതിന്റെ പിന്നിൽ സി എം സ്റ്റീഫൻ ആയിരുന്നു പ്രവർത്തിച്ചത്. ടി.ഒ ബാവയുടെ പിന്തുണയുണ്ടായിരുന്നു. ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തിൽ ചരിത്രം വീണ്ടും ആവർത്തിക്കുന്നു.അഭിനവ  സി എം സ്റ്റീഫനും , ടി.ഒ ബാവയുമായി, ബെന്നി ബഹനാനും രമേശ് ചെന്നിത്തലയും ഒരുമിച്ചു  കേരള കോൺഗ്രസിനെ യുഡിഎഫിൽ നിന്നും പുറത്താക്കി. 1964 ലെ കേരള കോൺഗ്രസിന് തുടക്കംകുറിച്ച സംഭവങ്ങളും ഇപ്പോഴത്തെ പുറത്താക്കൽ അടക്കമുള്ള കാര്യങ്ങളും തമ്മിൽ വലിയ സാമ്യം തോന്നുന്നു. ചരിത്രം ആവർത്തിക്കുന്നു.

തുടരും…..

#KMMANI
#KeralaCongressM
#KCMITWING
#JoseKMani
#PTJose
#Kottayam

1967 മുതൽ മുന്നണി രാഷ്ട്രീയത്തിലൂടെ തിരഞ്ഞെടുപ്പിനെ നേരിടുന്ന തന്ത്രം പരീക്ഷിച്ച് വിജയിപ്പിച്ചത് ഇ എം  എസും കമ്മ്യൂണിസ്റ്റ് പാർട്ടിയും ആയിരുന്നു. എന്നാൽ കേരള കോൺഗ്രസിന്റെ ആദ്യ നിയമസഭ പ്രവേശന ശ്രമം ഒരു മുന്നണിയും ഇല്ലാതെ ഒറ്റയ്ക്കായിരുന്നു. കേരള കോൺഗ്രസ് ,രാഷ്ട്രീയ യാഥാർത്ഥ്യം തിരിച്ചറിഞ്ഞ മുന്നണി രാഷ്ട്രീയ ശ്രമങ്ങൾ നടത്തിയതൊക്കെ പലപ്പോഴും കോൺഗ്രസും ആയിട്ടായിരുന്നു. കേരള കോൺഗ്രസിനെ ആജന്മ ശത്രുക്കളായി കണ്ട കോൺഗ്രസുകാർ 1976 വരെ ഒറ്റയ്ക്ക് കേരള കോൺഗ്രസിനെ ഒതുക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു പിന്നീട് കോൺഗ്രസ് മുന്നണിയിൽ  കഴിഞ്ഞ 39 വർഷമായി കോൺഗ്രസിന്റെ ധൃതരാഷ്ട്ര ആലിംഗനത്തിന് വിധേയമായി കഴിഞ്ഞുകൂടി. ദൈവാനുഗ്രഹത്താലും, ഒരു കർഷക പാർട്ടിയുടെ അനിവാരൃത മനസ്സിലാക്കിയ കേരളത്തിലെ കർഷക ജനതയുടെ പിന്തുണയാലും , പലപ്പോഴും പല പരുക്കുകൾ  ഏറ്റെങ്കിലും കുതറിമാറി രക്ഷപ്പെടാൻ കേരളാ കോൺഗ്രസിന് കഴിഞ്ഞു.

             രൂപീകരണ കാലത്തെ പാർട്ടി നേരിട്ട ഏറ്റവും വലിയ പ്രതിസന്ധി പാർട്ടിക്ക് ഒരു പ്രത്യയശാസ്ത്ര അടിത്തറ ഇല്ല എന്നുള്ളതായിരുന്നു. ഒരു രാഷ്ട്രീയ പാർട്ടിക്ക് രാഷ്ട്രീയ നിലപാടുകൾ മാത്രം പോരാ , താത്വിക  പിൻബലം കൂടി വേണം എന്നതായിരുന്നു ശ്രീ കെ എം മാണി അടക്കമുള്ള നേതാക്കളുടെ ചിന്താഗതി. അതിന്റെ അടിസ്ഥാനത്തിൽ 1973 ൽ ആലുവയിൽ ചേർന്ന പാർട്ടി സംസ്ഥാന കമ്മിറ്റിയിൽ ശ്രീ കെ എം മാണി പാർട്ടിയുടെ സാമ്പത്തിക സമീപനം വ്യക്തമാക്കുന്ന പ്രമേയം അവതരിപ്പിച്ചു. അതിനെ "ആലുവ സാമ്പത്തിക പ്രമേയം" എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ,
"ഒരു സോഷ്യലിസ്റ്റ് സമൂഹത്തിന്റെ നിർമിതി ലക്ഷ്യം വെക്കുന്ന കർമ്മപരിപാടികൾ ആണ് സാമ്പത്തിക പ്രമേയത്തിലൂടെ  അവതരിപ്പിക്കപ്പെട്ടത് " സാമ്പത്തികരംഗത്ത് ആവശ്യമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിക്കൊണ്ട്,  ഉള്ളവനും, ഇല്ലാത്തവനും, തമ്മിലുള്ള അന്തരം കുറച്ചുകൊണ്ടുവന്ന് ജനതയ്ക്ക് സാമ്പത്തിക ഭദ്രത ഉറപ്പു വരുത്തുന്ന ഒരു  പ്രായോഗിക സോഷ്യലിസത്തിന് വേണ്ടിയാണ് കേരള കോൺഗ്രസ് നിലകൊള്ളുന്നത്. ഈ പ്രക്രിയയുടെ വിജയകരമായ പ്രവർത്തനത്തിൽ സ്വകാര്യമേഖലയോടൊപ്പം, പൊതുമേഖലയ്ക്കും, സഹകരണമേഖലക്കും തുല്യപ്രാധാന്യം കേരള കോൺഗ്രസ് കൽപ്പിക്കുന്നുണ്ട് എന്നതാണ് കേരള കോൺഗ്രസിന്റെ സാമ്പത്തിക നയത്തിന്റെ  കാതലായ തത്വം".
           ഇന്ത്യൻ ഭരണഘടനയിൽ സോഷ്യലിസ്റ്റ് രാഷ്ട്രം എന്ന് ചേർത്തിരുന്നില്ല. 1973 ൽ കേരള കോൺഗ്രസ് തങ്ങളുടെ സാമ്പത്തിക പ്രമേയത്തിലൂടെ ഒരു സോഷ്യലിസ്റ്റ് രാഷ്ട്ര നിർമ്മിതി പ്രഖ്യാപിച്ചതിനുശേഷം മൂന്നുവർഷം കഴിഞ്ഞ് 1976 ൽ പാർലമെന്റിൽ നാല്പത്തിരണ്ടാം ഭരണഘടന ഭേദഗതിയിലൂടെ ഡെമോക്രാറ്റിക് സോവറിൻ റിപ്പബ്ലിക് ഓഫ് ഇന്ത്യ എന്നതിനോടൊപ്പം സോഷ്യലിസ്റ്റ് സെക്കുലർ എന്നുകൂടി എഴുതിച്ചേർത്തു.
1973 ശ്രീ കെ എം മാണിയുടെ കേരള കോൺഗ്രസിന്റെ സാമ്പത്തിക പ്രമേയത്തിലാണ് സോഷ്യലിസ്റ്റ് എന്ന പദപ്രയോഗം നടത്തിയിട്ടുള്ളത് എന്നത് ഏതൊരു കേരള കോൺഗ്രസ് പ്രവർത്തകനും അഭിമാനിക്കാവുന്ന കാര്യമാണ്. കേരള കോൺഗ്രസ് മുതലാളിത്ത സാമ്പത്തിക വ്യവസ്ഥയ്ക്കെതിരെ രാജ്യത്തിന് നൽകിയ വിലപ്പെട്ട സംഭാവനയും , സേവനവുമാണ് ആലുവ സാമ്പത്തിക പ്രമേയം. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ഒരു വലിയ സോഷ്യലിസ്റ്റ് ആയിരുന്നു എങ്കിലും ഭരണഘടയിൽ സോഷ്യലിസ്റ്റ് സെക്കുലർ റിപ്പബ്ലിക് എന്ന് ഭേദഗതി വരുത്തിയില്ല. അദ്ദേഹത്തിന്റെ നിഴലായി ഇന്ത്യൻ രാഷ്ട്രീയത്ത്തിലും ലോക രാഷ്ട്രീയത്തിലും ഉയർന്ന്  ശോഭിച്ച തന്റെ പ്രിയ പുത്രി ഇന്ദിരാഗാന്ധിക്ക് അതിന് കഴിഞ്ഞു എന്നതും എടുത്തു പറയേണ്ടതാണ്.
         ആലുവ സാമ്പത്തിക പ്രമേയത്തിന് ശേഷം പാർട്ടിയുടെ പ്രത്യയശാസ്ത്രം 
"അധ്വാനവർഗ്ഗ സിദ്ധാന്തം" അവതരിപ്പിച്ച് കേരള കോൺഗ്രസ് ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ പൂർണതയിലെത്തി . ആലുവ സാമ്പത്തിക പ്രമേയത്തെ 'ഉത്തരവാദിത്തബോധമുള്ള ഒരു രാഷ്ട്രീയ കക്ഷിയുടെ ഗൗരവമേറിയ സാമ്പത്തിക പ്രമേയം' എന്ന് സി അച്യുത മേനോൻ വിശേഷിപ്പിച്ചു. ഇ എം എസും പ്രമേയത്തിലെ പുരോഗമനപരതയും, സോഷ്യലിസ്റ്റ് ആഭിമുഖ്യവും" സ്വാഗതം ചെയ്യുകയും ചെയ്തു.
       കേരളാ കോൺഗ്രസിന്റെ പ്രവർത്തന കാലയളവിൽ നിരവധിയായ സമരങ്ങൾക്ക് നേതൃത്വം നൽകുകയുണ്ടായി.ഭരണത്തിൽ ഇരിക്കുമ്പോഴും, പ്രതിപക്ഷത്ത് നിൽക്കുമ്പോഴും ജനകീയ പ്രശ്നങ്ങളിൽ ജനങ്ങളോടൊപ്പം എന്നതായിരുന്നു പാർട്ടിയുടെ നയം. അതിന്റെ ഉദാഹരണങ്ങൾ ധാരാളമുണ്ട് കോൺഗ്രസിന്റെ കർഷകദ്രോഹ നിലപാടുകളിൽ പ്രതിഷേധിച്ച് കരുണാകരൻ മന്ത്രിസഭയിൽ പങ്കാളിത്തം ഉള്ളപ്പോൾ ഒരു കേന്ദ്ര വിരുദ്ധ സമരം കേരള കോൺഗ്രസും മന്ത്രി ശ്രീ കെ എം മാണിയും പ്രഖ്യാപിച്ചു.
ട്രെയിൻ തടഞ്ഞ് കേന്ദ്രത്തെ പ്രതിഷേധം അറിയിക്കുക എന്നതായിരുന്നു സമരരീതി. മുഖ്യമന്ത്രി കെ കരുണാകരൻ അന്ന് പറഞ്ഞു ചിലർ ട്രെയിൻ തടയൽ സമരം പ്രഖ്യാപിച്ചിട്ടുണ്ട് എന്നാൽ നാളെ കേരളത്തിൽ ട്രെയിൻ സുഗമമായി  ഓടും എന്ന്. മന്ത്രി കെ എം മാണി ഉടനെ തിരിച്ചടിച്ചു കേര കർഷകരുടെ അവകാശ സംരക്ഷണത്തിനുള്ള സമരമാണിത്,കേന്ദ്രത്തിനുള്ള ഒരു മുന്നറിയിപ്പും കൂടിയാണ്. അതുകൊണ്ട് സമരം പ്രഖ്യാപിച്ച ദിവസം ഒരു ട്രെയിനും ഓടില്ല. സമരം നടന്നു ട്രെയിൻ ഓടിയില്ല. വീണ്ടും മറ്റൊരു സംഭവം ഇടുക്കിയിൽ പട്ടയം കൊടുക്കാൻ കെ എം മാണി തീരുമാനിച്ചു. അന്നദ്ദേഹം റവന്യൂ മന്ത്രി ആയിരുന്നു. പരസ്യമായി എതിർക്കാൻ കഴിയാത്തതുകൊണ്ട് തടസ്സവാദങ്ങൾ ഉന്നയിച്ച് അതിനു തടയിടാൻ അന്നത്തെ മുഖ്യമന്ത്രി ശ്രീ കെ കരുണാകരൻ പരിശ്രമം നടത്തി. ഒരു ബഹുജന സമരം ഈ കാര്യത്തിൽ അനിവാര്യമാണെന്ന് മനസ്സിലാക്കിയ ശ്രീ കെ എം മാണി ഇടുക്കിയിലെ കൃഷിക്കാരെയും പാർട്ടി പ്രവർത്തകരെയും സമര രംഗത്തിറക്കി. അവർക്കുവേണ്ടി തന്റെ പാർട്ടി എംഎൽഎമാരെ ഇടുക്കിയിൽ സത്യാഗ്രഹം ഇരുത്തി. മുഖ്യമന്ത്രിക്കെതിരെയുള്ള സമരമാണെന്നും, മുഖ്യമന്ത്രി സഹ പ്രവർത്തകനിൽ വിശ്വാസമില്ലെന്നും പറഞ്ഞാൽ രാജിവെച്ചു ഇറങ്ങേണ്ടിവരും എന്നും മാണി സാറിന് വ്യക്തമായി അറിയാമായിരുന്നു. മന്ത്രി സ്ഥാനത്തേക്കാൾ വലുതാണ് കർഷക ജനതയ്ക്ക് വേണ്ടിയുള്ള പോരാട്ടം എന്ന് അദ്ദേഹം തിരിച്ചറിഞ്ഞ് കേരള കോൺഗ്രസിനെ ആ രീതിയിൽ വളർത്തിവലുതാക്കി.

              നെൽകൃഷി ലാഭകരം അല്ലാതിരുന്നതുകൊണ്ട് കുട്ടനാട്ടിലെ കൃഷിക്കാർ ജീവിക്കാൻവേണ്ടി കുട്ടനാട്ടിലെ പാടശേഖരങ്ങൾ നികത്തി തെങ്ങ് നട്ടു, വാഴയും മറ്റും കൃഷി ചെയ്തു മുന്നോട്ടു പോകാൻ കൃഷിക്കാർ തീരുമാനിച്ചു.അങ്ങനെ ആലപ്പുഴയിലെ ഒരു കർഷക വനിത നെടുമുടി പഞ്ചായത്തിലെ മുപ്പതിൽ ചിറ എൽസമ്മ തന്റെ കൃഷിയിടത്തിൽ കുറച്ച് തെങ്ങിൻ തൈകൾ നട്ടുപിടിപ്പിച്ചു , വയൽ നികത്തുന്നതിന് എതിരെ സമരം ചെയ്യുന്ന ചിലർ എൽസമ്മയുടെ പറമ്പിൽ നട്ട  തെങ്ങിൻ തൈകൾ പറിച്ചെറിഞ്ഞു . ഇതറിഞ്ഞ കെഎം മാണി ആലപ്പുഴയിൽ ഓടിയെത്തി. അന്നത്തെ ആലപ്പുഴ ജില്ലാ പ്രസിഡണ്ട് എ.സി മാത്യു എടയാടി യെയും , സഹപ്രവർത്തകരെയും കൂട്ടി തെങ്ങു പറിച്ചു കളഞ്ഞിടത്ത്  പുതിയ തൈ നട്ട് കർഷകർക്കൊപ്പം കേരളാ കോൺഗ്രസ്സും എന്ന് തെളിയിച്ചു. ആലപ്പുഴ ജില്ലയിലെ കർഷകർക്ക് അത് വലിയ ഉണർവും ഉത്തേജനവും നൽകി.
        പ്രതിപക്ഷത്ത് ആയിരുന്നപ്പോൾ ഉയർത്തിയ മുദ്രാവാക്യങ്ങൾ എല്ലാം ഭരണത്തിൽ എത്തിയപ്പോൾ നടപ്പിലാക്കാൻ ആത്മാർത്ഥമായ ശ്രമം ശ്രീ കെ എം മാണിയിൽ നിന്നും ഉണ്ടായി. ധനകാര്യ വകുപ്പിൽ ഇരുന്നുകൊണ്ട് കേരളത്തിലെ മലയോര ജനതയ്ക്ക് വേണ്ടി പ്രഖ്യാപിച്ച ആനുകൂല്യങ്ങൾ പലരെയും അലോസരപ്പെടുത്തി. ഒരു ഭരണകക്ഷി അംഗം തന്നെ കെ എം മാണിയുടെ ബജറ്റിനെ പറ്റി "കിഴക്കു നോക്കി ബജറ്റ്" എന്നുപോലും പറയുകയുണ്ടായി. കർഷകർ കിഴക്കൻ മലയോര മേഖലയിൽ ആണല്ലോ ഏറ്റവും കൂടുതൽ ഉള്ളത്. അതുകൊണ്ടാണ് വിമർശകൻ 
" കിഴക്ക് നോക്കി ബജറ്റ് " എന്ന് പറയാൻ ഇടയായത്. അതും തന്റെ തൊപ്പിയിൽ ചാർത്തിയ ഒരു പൊൻതൂവലായി കെ.എം മാണി കണ്ടു.

ധനകാര്യ വകുപ്പിൽ നിന്നും മാണിയെ മാറ്റാൻ കാരണം ഒന്നും ഉണ്ടായിരുന്നില്ല. പക്ഷേ വകുപ്പുകൾ പുനഃസംഘടിപ്പിക്കാൻ മുഖ്യമന്ത്രി കരുണാകരൻ തീരുമാനിച്ചു. കേരള കോൺഗ്രസ് ഒരു പ്രതിഷേധവും പ്രകടിപ്പിച്ചില്ല. വകുപ്പ് പുന:സംഘടനയിൽ കെ എം മാണിക്ക് ലഭിച്ചത് ജലസേചനവകുപ്പ് ആയിരുന്നു. കേരള കോൺഗ്രസിലെ എല്ലാ വിഭാഗവും ഒരുമിച്ച് നിന്ന സമയത്തായിരുന്നു  വകുപ്പ് പുന:സംഘടന.അതിന് ചരട് വലിച്ചവർ ഇന്ന് യുഡിഎഫിനൊപ്പം ഉണ്ട്. കെഎം മാണിയെ മലിനജലത്തിൽ ഒതുക്കി എന്നവർ ഊറ്റം കൊണ്ടു. കെഎം മാണി ലഭിക്കുന്ന ഏത് വകുപ്പും ജനസേവനത്തിന് ഉള്ളതാണ് എന്ന സന്ദേശം നൽകിക്കൊണ്ട് ആ വകുപ്പിൽ ഇരുന്ന് കർഷക ജനതയ്ക്കും  കേരളത്തിനും പ്രയോജനം ലഭിക്കുന്ന "സാമൂഹ്യ ജലസേജന" പദ്ധതിക്ക് രൂപംനൽകി, മാണിസാർ പഠിപ്പിച്ചുതന്ന ജനകീയതയുടെയും  ജനങ്ങൾക്ക് വേണ്ടിയുള്ള ജനങ്ങളോടൊപ്പം നിന്നുകൊണ്ടുള്ള ഒരു പരിപാടിയായിരുന്നു " വെളിച്ച വിപ്ലവം". കേരളത്തിലെ മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തിൽ കഴിയുന്ന കോളനികളിലും പുറമ്പോക്കുകളിലും അന്തിയുറങ്ങുന്ന പാവങ്ങളിൽ പാവങ്ങളായ പട്ടിണിപ്പാവങ്ങളുടെ കുടുംബങ്ങളിൽ ഒരു തടസ്സവുമില്ലാതെ ലക്ഷക്കണക്കിന് വൈദ്യുതി കണക്ഷൻ നൽകി. ഒരു പ്രത്യേക സാഹചര്യത്തിൽ ഇലക്ട്രിസിറ്റി വകുപ്പിന്റെ ചുമതല കെഎം മാണി വഹിച്ചപ്പോൾ വെറും ഒൻപത്-പത്ത് മാസം കൊണ്ടാണ് ഈ ബൃഹത്തായ പദ്ധതി നടപ്പിലാക്കിയത്. ഭരണാധികാരികളും ഉദ്യോഗസ്ഥരും മനസ്സുവെച്ചാൽ "വേണമെങ്കിൽ ചക്ക വേരിലും കായ്ക്കും" എന്ന വാക്ക് അദ്ദേഹം നടപ്പിലാക്കി കാണിച്ചുകൊടുത്തു.
അതുമാത്രമല്ല കർഷകത്തൊഴിലാളി പെൻഷനും, കർഷക പെൻഷനും നടപ്പിൽ വരുത്തിയതും, മുപ്പതിൽപരം  ക്ഷേമ  പെൻഷനുകൾ സർക്കാർ മുഖാന്തരം വിതരണം ചെയ്തത് പാവപ്പെട്ടവരെ സഹായിക്കാൻ അവസരമൊരുക്കിയതും, കാരുണ്യ പദ്ധതിയിലൂടെ ലക്ഷക്കണക്കിന് പാവപ്പെട്ടവർക്ക് ആശ്വാസമായ പദ്ധതിയും, മാണി സാറിന്റെതാണ്.അതെല്ലാം തന്നെ കേരളാ കോൺഗ്രസ് കേരള ജനതയ്ക്ക് നൽകിയ സംഭാവനകളാണ് 
     റബ്ബർ വില സ്ഥിരത പദ്ധതി അടക്കം ഇനിയും പറയാൻ ധാരാളമുണ്ട്. 1972ലെ കോൺഗ്രസിന്റെ വിദ്യാഭ്യാസ ദേശസാൽക്കരണത്തിനെതിരെ രുപം കൊണ്ട ഐതിഹാസിക സമരം കേരളാ കോൺഗ്രസ്സിന്റെ നേത്രത്വത്തിൽ നടന്ന ഒരു വലിയ ബഹുജന മുന്നേറ്റമായിരുന്നു.വിസ്‌ഥാര ഭയത്താൽ അതൊന്നും എണ്ണി എണ്ണി പറയുന്നില്ല. കേരള കോൺഗ്രസ് രാഷ്ട്രീയത്തിലെ ഒരു ചുരുങ്ങിയ നേർ ചിത്രം മാത്രം.

 *ചതിയും --- കുതുകാൽ വെട്ടും*

  1)          1965 ലെ നിയമസഭ വിളിച്ചു ചേർക്കാതെ കോൺഗ്രസിന്റെ സ്വാധീനത്തിൽ പിരിച്ചുവിട്ട് പ്രസിഡണ്ട് ഭരണം കേരള ജനതയുടെ മേൽ അടിച്ചേൽപ്പിച്ചതിനു കാരണം. കേരള കോൺഗ്രസിനൊപ്പം മന്ത്രിസഭയുണ്ടാക്കാൻ ഉള്ള കോൺഗ്രസിന്റെ വൈമുഖ്യമായിരുന്നു.

2)    67 ലും 70 ലും മുന്നണിയിൽ ചേർക്കാതെ പുറത്തുനിർത്തി കേരള കോൺഗ്രസിനെ ഇല്ലാതാക്കാൻ പരിശ്രമിച്ചു.

3)   കേരള കോൺഗ്രസിൽ രൂപംകൊണ്ട അസംതൃപ്തരെ സഹായിക്കാനും പ്രോത്സാഹിപ്പിക്കാനും അന്നും കോൺഗ്രസ്സ് കേരള നേതൃത്വം മടി കാണിച്ചിട്ടില്ല. അത് ഇന്നും തുടരുന്നു.

4)  1978ൽ കേരള കോൺഗ്രസ് പ്രതിനിധി ആയിരുന്ന ഇ.ജോൺ ജേക്കബിന്റെ മരണം മൂലം ഒഴിവ് വന്ന മന്ത്രിസ്ഥാനത്തേക്ക് അന്ന് എംഎൽഎ ആയിരുന്ന ഡോ: ജോർജ് മാത്യു വിനെ തിരഞ്ഞെടുത്തു. പാർട്ടി എക്സിക്യൂട്ടീവിൽ നടന്ന വോട്ടിങ്ങിൽ 33 വോട്ട് ഡോ:ജോർജ് മാത്യുവിനും 
17 വോട്ട് ഈപ്പൻ വർഗീസിനും ലഭിച്ചു.
മന്ത്രി നോമിനിയായി ഡോ: ജോർജ് മാത്യു വിന്റെ പേര് പാർട്ടി ലീഡർ കെ എം മാണി മുഖ്യമന്ത്രി എ കെ ആന്റണിക്ക് നല്കിയെങ്കിലും പിജെ ജോസഫിന്റെ  നേതൃത്വത്തിൽ ഒരു ന്യൂനപക്ഷം ബഹു ഭൂരിപക്ഷ തീരുമാനത്തിനെതിരെ മുഖ്യമന്ത്രിയുടെ മുൻപിൽ തടസ്സവാദം ഉന്നയിച്ചു. ജനാധിപത്യ മര്യാദയോ ധാർമിക നിലപാടോ ഉണ്ടായിരുന്നുവെങ്കിൽ മുഖ്യമന്ത്രി മറ്റൊരു പാർട്ടിയുടെ ഭൂരിപക്ഷ തീരുമാനത്തിനെതിരെ ന്യൂനപക്ഷ ത്തോടൊപ്പം നിൽക്കില്ലായിരുന്നു. ടി എസ് ജോണിനെ മന്ത്രിയാക്കണമെന്ന് ആയിരുന്നു പിജെ ജോസഫിനെ നേതൃത്വത്തിലുള്ള ന്യൂനപക്ഷത്തിന്റെ  ആവശ്യം. പാർട്ടി പിളർത്തി നശിപ്പിക്കാനുള്ള തന്ത്രം മനസ്സിലാക്കി ഒരു പിളർപ്പ് ഒഴിവാക്കാൻ ജോർജ് മാത്യു സ്വയം പിന്മാറി ടി എസ് ജോൺ മന്ത്രിയായി. പാർട്ടിയിൽ രൂപംകൊണ്ട വിമത പ്രവർത്തനം കോൺഗ്രസിന്റെ അനുഗ്രഹാശിസ്സുകളോടെ തുടർന്നു.

5) 1978 മുഖ്യമന്ത്രി എ കെ ആന്റണി രാജിവെച്ചു ഇന്ദിരാഗാന്ധിയോടുള്ള എതിർപ്പാണ് കാരണം. കോൺഗ്രസ് പിളർന്ന് കോൺഗ്രസ് (യു ) ഉണ്ടായി. പി കെ വാസുദേവൻ നായർ സിപിഐ മുഖ്യമന്ത്രിയായി .പുതിയ മന്ത്രിസഭയിൽ പി ജെ ജോസഫിന്റെ നേതൃത്വത്തിലുള്ള  ന്യൂനപക്ഷ വിഭാഗത്തെ മാറ്റിനിർത്തണം എന്ന ആവശ്യം കോൺഗ്രസിന്റെ പ്രേരണയോടെ മുഖ്യമന്ത്രി തള്ളി.വിമതർക്ക് അത് ഉപകാരപ്രദവും ആയി.ചതിവിന്റെയും തർക്കത്തിന്റെയും  തനിയാവർത്തനം.

6) 1979 ഒക്ടോബർ എട്ടിന് പി കെ വാസുദേവൻ നായർ മുഖ്യമന്ത്രി പദത്തിൽ നിന്നും രാജി വെച്ചു .അഞ്ചു ദിവസത്തിനകം സി എച്ച് മുഹമ്മദ് കോയ സാഹിബ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു.സി പി ഐ (എം ) മായി ചേർന്ന് ഇടതുപക്ഷ മുന്നണി ശക്തിപ്പെടുത്തുക എന്നതായിരുന്നു പി .കെ.വി യുടെ രാജിക്ക് കാരണം . മുഹമ്മദ് കോയയുടെ മുഖ്യമന്ത്രി  പദത്തിന് അധികം ആയുസ്സ്  ഉണ്ടായില്ല ആ സമയത്ത് തന്നെ സി പി ഐ (എം ) കെ എം മാണിയെ മുഖ്യമന്ത്രി ആക്കികൊണ്ട് പുതിയ മന്ത്രിസഭ ഉണ്ടാക്കാൻ തീരുമാനിച്ചു. ഇടതുമുന്നണി ചേർന്ന് കെ എം മാണിയെ സംയുക്ത നിയമസഭ കക്ഷി നേതാവായി തിരഞ്ഞെടുത്തു. ആ വിവരം ഗവർണറെ അറിയിക്കുകയും ചെയ്തു. സി പി എം മുന്നണിയിൽ ചേരാൻ തയ്യാറായി നിന്ന എ കെ ആന്റണിക്കും പുതിയ നീക്കത്തോട് എതിർപ്പില്ലായിരുന്നു. എ കെ ആന്റണി വിഭാഗത്തിന്റെ  പിന്തുണ കത്ത്  ഗവർണർക്ക് എത്താൻ വൈകി. കെഎം മാണി മുഖ്യമന്ത്രി ആകുന്നതിൽ എതിർപ്പുണ്ടായിരുന്ന കോൺഗ്രസിലെ ചില പ്രമുഖരും കോൺഗ്രസിനൊപ്പം ചേർന്ന കേരള കോൺഗ്രസിലെ പുത്തൻ കൂറ്റ്കാരും ചതിപ്രയോഗത്തിലൂടെ പിന്തുണ വൈകിപ്പിച്ചു. ആ സമയത്ത്  ഗവർണർ നിയമസഭ പിരിച്ചുവിട്ടു. കേരളാ  കോൺഗ്രസിനെ മുഖ്യമന്ത്രിപദത്തിൽ എത്തിക്കാൻ ആദ്യം ശ്രമിച്ചത് സി പി ഐ( എം ) ആയിരുന്നു. കോൺഗ്രസിന്റെയും  പി.ജെ വിഭാഗത്തെയും ചതിയിൽ അത് നഷ്ടപ്പെടുത്തി.

          7)   1982ൽ ഇടതുമുന്നണി വിട്ട് ജനാധിപത്യ മുന്നണിയിൽ എത്തിയ കെ.എം മാണിയും, ഇന്ദിരാ കോൺഗ്രസിൽ ലയിച്ച ആന്റണി കോൺഗ്രസ്സുമടക്കം ഐക്യമുന്നണിയിൽ എത്തി. കേരള കോൺഗ്രസ് (എം)ന്  കോൺഗ്രസ് ഹൈക്കമാൻഡ് ചില ഉറപ്പുകൾ നൽകിയിരുന്നു. അന്നത്തെ എ ഐ സി സി. സെക്രട്ടറി  ജി കെ മൂപ്പനാർ 22 സീറ്റുകൾ നൽകാമെന്ന് എഴുതി നൽകി. സീറ്റ് വിഭജന സമയത്ത് കേരളത്തിലെ കോൺഗ്രസ് നേതൃത്വം ചതിപ്രയോഗം തുടങ്ങി ഒടുവിൽ 17 സീറ്റിൽ കേരള കോൺഗ്രസ് (എം)നെ  ഒതുക്കി. 17 സീറ്റ് തന്നതിൽ 6 സ്ഥലങ്ങളിൽ മാത്രം വിജയം നൽകി ബാക്കി സ്ഥലങ്ങളിൽ പാലാ ആവർത്തിച്ചു.

8) 1987 നടന്ന പ്രതിച്ഛായ നന്നാക്കലിന്റെ ഭാഗമായി മാണിയിൽ  നിന്നും ധനകാര്യവകുപ്പ് മാറ്റി വക്കത്തിന് കൊടുത്തു.
കെ എം മാണിക്ക് ജലസേചനവും. തന്റെ മന്ത്രിസഭയിലെ ധനകാര്യ മന്ത്രി അവതരിപ്പിച്ച മിച്ച ബഡ്ജറ്റ് മികച്ചതാണെന്ന് സാമ്പത്തിക വിദഗ്ധർ വിലയിരുത്തി. മാണിയുടെ ബഡ്ജറ്റുകൾ ഒന്നിനൊന്ന് മെച്ചം  ആകുന്നത് കോൺഗ്രസിന് സഹിച്ചില്ല. കെഎം മാണിയുടെ ബജറ്റിനെതിരെ ഒളിയമ്പുകൾ ഭരണ കക്ഷിയിൽ നിന്നും ഉണ്ടായിക്കൊണ്ടിരുന്നു. 166 കോടിയുടെ മിച്ച ബജറ്റിനെതിരെ മുഖ്യമന്ത്രി കരുണാകരൻ തന്നെ രംഗത്തെത്തി. മാധ്യമപ്രവർത്തകർ മിച്ച ബജറ്റിനെ സംബന്ധിച്ച് ചോദ്യം ഉയർത്തിയപ്പോൾ അദ്ദേഹം പറഞ്ഞു "മിച്ചം ആണെന്നും പറയാം- കമ്മി ആണെന്നും പറയാം".ഒടുവിൽ കെ എം മാണിയെ ധനകാര്യമന്ത്രി സ്ഥാനത്തുനിന്നും നീക്കി . കെഎം മാണിയെ മലിനജലത്തിൽ ഒതുക്കി എന്ന്,എന്നും ചതിവും കൊലച്ചതിയും മാത്രം കൈമുതലാക്കിയ പി .ജെ യുടെ കേരളാ കോൺഗ്രസുകാരും പറഞ്ഞ്‌ ആശ്വസിച്ചു.
9:- ഒരു കൊടും ചതിയുടെ ചരിത്രം 

1990 ൽ കേന്ദ്രത്തിൽ വി പി സിങ്ങിന്റെ മന്ത്രിസഭ തകർന്നപ്പോൾ സൊഷ്യലിസ്റ്റ്‌ നേതാവ്  ചന്ദ്രശേഖറിന്റെ നേത്രത്വത്തിൽ ഒരു മന്ത്രിസഭ രൂപികരിക്കാനും,കോൺഗ്രസ്സ് പിന്തുണക്കാനും അന്നത്തെ കോൺഗ്രസ്സ് പ്രസിഡന്റും മുൻ പ്രധാനമന്ത്രിയുമായ രജീവ്‌ ഗാന്ധി തീരുമാനിച്ചു .ഭരണ രംഗത്ത് പരിണത പ്രജ്ഞനായ ഒരു ഭരണാധികാരി വേണം എന്ന ചിന്തയിൽ അന്ന് കേരളത്തിൽ ഭരണരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച ശ്രീ കെ എം മാണിയെ മന്ത്രിസഭയിൽ ചേരാൻ ക്ഷണിച്ചു .മാണി സാർ അതിനു ഒരുക്കമല്ലായിരുന്നു .അതിനു അദ്ദേഹം പാർട്ടിയിൽ ചില ന്യായ വാദങ്ങൾ ഉയർത്തി. കേന്ദ്ര ക്യാബിനറ്റ് പദവിയിൽ ഇരുന്നതിനു ശേഷം പിന്നെ കേരളത്തിൽ വന്ന് ഒരു സാധാരണ മന്ത്രിയായി പ്രവർത്തിക്കേണ്ടി വരില്ലേ എന്നതായിരുന്നു അദ്ദേഹത്തിന്റെ വാദ മുഖം.പക്ഷെ പാർട്ടി ഒറ്റകെട്ടായി നിന്ന് കൊണ്ട്‌ മാണി സാർ ആ സ്ഥാനം ഏറ്റെടുക്കണമെന്ന് തീരുമാനിച്ചു .അത് വഴി കേരളവും-കേരളത്തിലെ കർഷകരും നേരിടുന്ന നിരവധി പ്രശ്നങ്ങൾക്ക് പരിഹാരമാകും എന്നതായിരുന്നു പർട്ടി ക്കാരുടെ ചിന്ത. രാജീവ്‌ ഗാന്ധിയുടെ ക്ഷണം സ്വീകരിച്ച്‌  മാണി സാർ ഡെൽ ഹിയെലെത്തി.അന്ന് ഞാനും ശ്രീ പി എം മാത്യുവും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നും വിളിക്കുന്നത് വരെ മാണി സാറിനു പ്രതീക്ഷയില്ലായിരുന്നു .കാരണം നിരവധി കുതികാൽവെട്ട്‌ അനുഭവിച്ച് വളർന്നു വന്ന നേതാവായിരുന്നല്ലോ അദ്ദേഹം.അതുകൊണ്ടു തന്നെ കേന്ദ്ര മന്ത്രിയാകും എന്ന വാർത്ത ആർക്കും
നൽകിയില്ല.പല പത്രക്കാരും വന്ന് ശ്രമിച്ചിട്ടും ഒന്നും വിട്ടു പറയാൻ അദ്ദേഹം തയ്യാറായില്ല.ഒടുവിൽ ആ വിളി വന്നു.നിങ്ങൾ ലിസ്റ്റിൽ ഉണ്ട്‌ ഡൽഹിയിൽ അവൈലബിൾ ആകണം. രാത്രി 12 മണി കഴിഞ്ഞിരുന്നു. മാണി സാറിനെ ദീപികയിൽ നിന്നും തുടരെ വിളിച്ചുകൊണ്ടിരുന്നു.മാണിസാറിന്റെ നിയോജക മണ്ഡലംകാരനും വളരെ അടുത്ത ആത്മമിത്രവുമായിരുന്ന ദീപിക ലേഖകൻ ശ്രീ ദേവപ്രസാദ് കാര്യങ്ങൾ അന്വേഷിച്ചുകൊണ്ടിരുന്നു.എന്തായലും മാണി സാറിന്റെ  പുതിയ സ്ഥാന ലബ്ദി സംബന്ധിച്ച പത്രത്തിൽ  വരേണ്ട ന്യൂസ് ദീപികയിൽ തയ്യാറായി.
മാണിയെയും കേരളാ കോൺഗ്രസിനെയും തകർക്കാൻ കഴുകൻ കണ്ണുകളുമായി ഉറക്കമിളച്ച് കാത്തിരുന്നവർ എം എം ജേക്കബും കെ കരുണാകരനും കരുക്കൾ നീക്കി.രാജീവിൽ സമ്മർദ്ദം മുറുക്കി.ഫലമില്ലെന്ന് വന്നപ്പോൾ കേരള ത്തിൽ നിന്നുള്ള കരുണാകരന്റെ അടുത്ത ഒരു സുഹൃത്തിനെ ഉപയോഗിച്ച്,അദ്ദേഹത്തിന് ശരത് പവാറുമായി വളരെ അടുത്ത ബന്ധമുണ്ടായിരുന്നു. പവാറിലൂടെ ചന്ദ്രശേഖറി ലും, രജീവ്‌ ഗാന്ധിയിലും സ്വാധീനം ചെലുത്തി.സ്വധീനത്തിനു ഫലം കണ്ടു. താങ്കൾ ലിസ്റ്റിൽ
ഉണ്ട്  സ്ഥലത്തുണ്ടാകണം എന്ന് ഒരു മണിക്കൂർ മുൻപ് പറഞ്ഞ പ്രധാനമന്ത്രി ചന്ദ്രശേഖറിന്റെ ഓഫീസിൽ നിന്നും വിളിച്ചു . താങ്കൾ ലിസ്റ്റിൽ നിന്നും ഒഴിവാക്കപ്പെട്ടിരിക്കുന്നു എന്ന അറിയിപ്പുണ്ടായി. മാണിസാർ പ്രകോപിതനായി.രാത്രി രണ്ടു മണിയോടടുത്ത സമയം അദ്ദേഹം രാജീവ്‌ ഗാന്ധിയെ വിളിച്ചു. അങ്ങ് അങ്ങ് ഒരു വലിയ പാർട്ടിയുടെ പ്രസിഡന്റ് ആയിരിക്കാം ഞാനും ഒരു ചെറിയ പാർട്ടിയുടെ ചെയർ മാൻ ആണ് . ഇത്‌ അപമാനിക്കലാണ് .രൂക്ഷമായ ഭാഷയിൽ മാണിസാർ പ്രതികരിച്ചപ്പോൾ അവസാനം രജീവ്‌ ഗാന്ധി പീലാത്തൊസായി . മിസ്റ്റർ മാണി എനിക്കെന്തു ചെയ്യൻ കഴിയും അത്‌ പ്രധാന മന്ത്രിയുടെ പ്രോറോഗേറ്റിവ് ആണല്ലോ എന്ന് പറഞ്ഞ് ഒഴിഞ്ഞു.ഞങ്ങൾ പിറ്റേ ദിവസം തന്നെ തിരിച്ചു പൊന്നു എന്നാണെന്റെ ഒർമ്മ.മാണിസാർ ശാന്തനായി .ഇതൊക്കെ രഷ്ട്രീയത്തിൽ ഉണ്ടാകും എന്ന് പറഞ്ഞ് എന്നെയും പി എം മാത്യു വിനെയും കൂടെയുള്ളവരെയും ആശ്വസിപ്പിച്ചു.കെ എം മാണിയുടെ മഹത്വം മനസ്സിലാക്കിയ സന്ദർഭം.പക്ഷെ ഞങ്ങൾ പൊട്ടിക്കരഞ്ഞുപോയി . അതിനു ശേഷം ഒരു പ്രമുഖ കോൺഗ്രസ്സ് നേതാവിനോട് അദ്ദേഹത്തിന്റെ അടുത്ത ബന്ധുക്കളായ കേരളാ കോൺഗ്രസ്സ്കാർ എന്തിനാണ് മാണി സാറിനോട് ഈ ചതി ചെയ്തത് എന്ന് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞ മറുപടി വളരെ അർത്ഥവത്തായിരുന്നു. "കെ എം മാണി കേന്ദ്ര ക്യാബിനറ്റിൽ എത്തിയാൽ ഖദർ ഇട്ടിട്ട് ഞങ്ങളിതിലെ നടന്നിട്ട് വല്ല കാര്യവുമുണ്ടോ" എന്നായിരുന്നു.
പറഞ്ഞ നേതാവിനെ വ്യക്തമായറിയാം എങ്കിലും പേര് പറയുന്നില്ല. അദ്ദേഹം പറഞ്ഞതിൽ ചില വസ്തുതകൾ ഉണ്ട്.പനമ്പള്ളി മുതൽ നിരവധി കോൺഗ്രസ്സ്കാർ കേന്ദ്ര മന്ത്രിസഭയിൽ അംഗങ്ങളായി ഇരുന്നിട്ടുണ്ട്. യു പി എ യുടെ രണ്ടാം മന്ത്രിസഭയിൽ എ കെ ആന്റണിയും വയലാർ രവിയും ക്യാബിനറ്റ് റാങ്കിലും,കെ വി തോമസ്സ് സ്വതന്ത്ര ചുമതലയിലും,ശശി തരൂർ ,മുല്ലപ്പള്ളി രാമചന്ദ്രൻ,കെ സി വേണുഗോപാൽ,കൊടിക്കുന്നിൽ സുരേഷ് എന്നിവർ സഹമന്ത്രിമാരായും ഉണ്ടായിരുന്നു. അ കാലയളവിൽ ധനകാര്യ മന്ത്രി ചിദംബരവും, കൊമേഴ്‌സിന്റെ ചുമതലയുള്ള മന്ത്രി ശ്രീ ആനന്ദ് ശര്മയുമാണ് . അ കാലയളവിലാണ് കേരളത്തിലെ റബ്ബർ കൃഷിക്കാർ സമരം ചെയ്‌തു നേടിയെടുത്ത റബ്ബർ ഇറക്കുമതി നിയന്ത്രിച്ചുകൊണ്ടുള്ള ഉത്തരവ് റദ്ധാക്കി-വ്യവസായം സംരക്ഷിക്കാൻ എന്ന് പറഞ്ഞു ടയർ വ്യവസായ കുത്തകൾക്ക്  വേണ്ടി ഇഷ്ടം പോലെ റബ്ബർ ഇറക്കുമതി ചെയ്യാൻ തീരുമാനമെടുത്തത് എന്നത് പ്രത്യേകം എടുത്തു പറയാതിരിക്കാൻ കഴിയില്ല.
സത്യത്തിൽ ബി ജെ പി പ്രതിനിധിയായി മന്ത്രിസഭയിൽ ഉണ്ടായിരുന്ന ശ്രീ ഒ.രാജഗോപാൽ  കേരളത്തിന് വേണ്ടി നേടിക്കൊടുത്ത സേവനങ്ങൾ,ഈ മഹാരഥന്മാരായ കോൺഗ്രസ്സ്കാരുടെ എല്ലാവരുടെയും സേവനത്തേക്കാൾ മെച്ചമായിരുന്നു എന്ന് പറയാതെ വയ്യ.
തുടരും....
#KeralaCongressM
#JoseKMani #ThomasChazhikadan
#RoshyAugustine
#DrNJayaraj
#PTJose
#Kottayam
1991ൽ പിന്നെയും ചതി 
  കേരള കോൺഗ്രസിൽ നിന്നും ടി എം ജേക്കബിനെ കൂട്ടുപിടിച്ച് മാണി സാറിനെതിരെ കരുണാകരൻ കരുക്കൾ നീക്കി. പാർട്ടി ലീഡർ എന്ന നിലയിൽ മാണിസാർ മന്ത്രിസ്ഥാനത്തേക്ക് നിർദ്ദേശിച്ച സി എഫ് തോമസ്ന്റെ പേര് സ്വീകരിക്കാൻ വിസമ്മതിച്ച കരുണാകരൻ പാർട്ടി ലീഡറെ തള്ളി ടി എം ജേക്കബിനെ മന്ത്രിയാക്കി, മുന്നണി മര്യാദയുടെയും ധാർമികതയുടെയും ഔചിത്യ ബോധത്തിന്റെയും ലംഘനം കരുണാകരനിലൂടെ കേരള കോൺഗ്രസ് അനുഭവിച്ചറിഞ്ഞു. എന്നാൽ വലിയ വിവാദമുണ്ടാക്കാൻ മാണിസാർ തുനിഞ്ഞില്ല എങ്കിലും ടി എം ജേക്കബിന്റെ  നേതൃത്വത്തിൽ ഒരു കേരളകോൺഗ്രസ് കൂടി രൂപീകരിക്കുന്നതിൽ കാർമികത്വം വഹിക്കാൻ കഴിഞ്ഞു എന്ന് കോൺഗ്രസുകാർക്ക് ആശ്വസിക്കാം.

11) കേരളാ കോൺഗ്രസുകാരുടെ ദുഷ്ടലാക്കില്ലാത്ത ഐക്യം പാർട്ടിയെ ശക്തിപ്പെടുത്തും എന്നായിരുന്നു മാണിസാർ കരുതിയിരുന്നത്. രാഷ്ട്രീയത്തിൽ നിലനിൽക്കാൻ പോലും കഴിയാത്ത ഒരു അവസ്ഥയിൽ എത്തിയ പിജെ ജോസഫിനെ കൂടെ കൂട്ടണമെന്ന് ചില ആദ്യഭയകാംക്ഷികളുടെ അഭ്യർത്ഥന മാനിച്ച് ഇടതുപക്ഷ മുന്നണിയിൽ ആയിരുന്ന പി ജെ ജോസഫിനെ 2010 ൽ കേരള കോൺഗ്രസ് ( എം)ൽ ചേർത്തു.
 കോൺഗ്രസിന്റെ അതിശക്തമായ എതിർപ്പ് കേരള കോൺഗ്രസുകാരുടെ ലയനത്തിന്റെ കാര്യത്തിൽ ഉണ്ടായി. കേരള ജനതയ്ക്ക് ഒരു പ്രസ്ഥാനം അതു ശക്തി പ്രാപിക്കണമെന്ന മാണി സാറിന്റെ അടങ്ങാത്ത മോഹം കോൺഗ്രസിന്റെ എതിർപ്പുകൾ അവഗണിക്കാൻ മാത്രം ശക്തമായിരുന്നു. ലയനം നടക്കുമെന്ന് ആയപ്പോൾ ഒടുവിൽ ഉമ്മൻചാണ്ടി പറഞ്ഞു 
" ഇതിന്റെ സുഖവും ദുഃഖവും മാണി സാർ തന്നെ അനുഭവിക്കേണ്ടി വരും" എന്ന്. എങ്കിലും  മാന്യമായി വർക്കിംഗ് ചെയർമാൻ എന്ന പദവി സൃഷ്ടിച്ച് പാർട്ടി ലീഡറും ചെയർമാനുമായ കെ എം മാണിക്കൊപ്പം പി ജെ ജോസഫിനെയും  ഇരുത്തി. തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണയം വന്നപ്പോൾ കോൺഗ്രസ്സുകാർ ഒരു അഭ്യർത്ഥന നടത്തി.പി ജെ ജോസഫിനെയും ടി യു കുരുവിളയെയും സ്ഥാനാർഥികൾ ആക്കരുത്. അവർക്കെതിരെ അതി ശക്തമായ സമരം നടത്തിയവരാണ് കോൺഗ്രസ്സും യൂത്ത് കോൺഗ്രസ്സും.അവർക്കുവേണ്ടി വോട്ടുചോദിക്കാൻ ഇറങ്ങുക എന്നാൽ 
 " ശർദ്ധിച്ചതു  ഭക്ഷിക്കുന്നതിന് തുല്യമായിരിക്കും". എന്ന് പരാതിപ്പെട്ടു.പക്ഷേ മാണിസാർ കോൺഗ്രസുകാരെ സമാധാനിപ്പിച്ചു വിളിച്ചുവരുത്തി അത്താഴം ഇല്ലെന്ന് പറയുന്നത് രാഷ്ട്രീയ മര്യാദയല്ലന്ന് എന്ന് പറഞ്ഞു.അതു തന്നെയുമല്ല ജനാതിപത്യ മുന്നണി ശക്തിപ്പെടുമെന്നും പറഞ്ഞു . കോൺഗ്രസുകാരുടെ കൂടി മൗന സമ്മതത്തോടെ സ്ഥാനാർത്ഥികൾ ആക്കി. പി.ജെ യെ മന്ത്രിയും ആക്കി. ആദ്യമാദ്യം വയൽക്കരയിൽ മീൻ പിടിക്കാൻ ഇരിക്കുന്ന കൊക്കിനെ പോലെ സൗമ്യമായി കൂടി. പാർട്ടി തീരുമാനങ്ങളെല്ലാം അംഗീകരിച്ച നല്ലകുട്ടിയായി ചമഞ്ഞു. മാണി സാറിനെതിരെ ബാർ കോഴ വിവാദം ഉണ്ടായപ്പോൾ മുതൽ ജോസഫ് തന്റെ സ്ഥിരം പണി തുടങ്ങി. വഞ്ചനയുടെ പ്രതിരൂപമായി. പാർട്ടി ലീഡർക്കെതിരെ                  ക്വിക് വെരിഫിക്കേഷൻ ഇട്ട  ആഭ്യന്തരമന്ത്രിയുടെ നടപടിയിൽ പ്രതിഷേധിച്ച് പാർട്ടിയുടെ സർക്കാറിനുള്ള 2 മന്ത്രി പദവും ചീഫ് വിപ്പ്  പദവിയും രാജിവെച്ച് പ്രതിഷേധിക്കാം എന്ന പാർട്ടി തീരുമാനത്തിൽ വിയോജിപ്പ് പ്രകടിപ്പിക്കാതെ മാന്യനായി അഭിനയിച്ചതിനു ശേഷം പത്രസമ്മേളനത്തിന് വരാതെ മുങ്ങി. പാർട്ടി മീറ്റിംഗ് കഴിഞ്ഞു വീട്ടിലെത്തിയ പി.ജെ ജോസഫിനെ കാണാൻ അന്നത്തെ മറ്റൊരു കോൺഗ്രസ് മന്ത്രി കെ സി ജോസഫ് എത്തിയത് യാദൃശ്ചികം. അദ്ദേഹമാണ് കോട്ടയത്ത് ഡിസിസി യോഗത്തിൽ ശ്രീ ഉമ്മൻചാണ്ടിയുടെ സാന്നിധ്യത്തിൽ " ഇനി മാണി സാർ എന്ന് അല്ല വിളിക്കുന്നത് കെ എം മാണി എന്നുമാത്രം" എന്ന് പ്രഖ്യാപിച്ചത്. ആ പ്രഖ്യാപനത്തിന്റെയും അവർ തമ്മിലുള്ള കൂട്ടുകെട്ടിന്റെയും പ്രതിഫലനം ആയിരുന്നല്ലോ മാണിസാറിനെ മൃതദേഹത്തിന് അടുത്ത് ഒരുമിച്ചുനിന്ന് ഇവർ രണ്ടുപേരും പൊട്ടിച്ചിരിക്കുന്ന ഫോട്ടോ. 'മകന്റെ പ്രവൃത്തിയിൽ മനം തകർന്ന അമ്മ' "ഇവൻ ജനിക്കാതിരുന്നെങ്കിൽ" എന്ന് വിലപിച്ചത് പോലെ ദൈവമേ ഇവർ അവിടെ വരാതിരുന്നു  എങ്കിൽ എത്ര നന്നായിരുന്നു എന്ന് വിലപിച്ചു പോകുന്നു.
മാണിസാറിന്റെ  മരണത്തിന്  മുൻപേ പാർലമെന്റ് തിരഞ്ഞെടുപ്പിന് 
കളമൊരുങ്ങിയപ്പോൾത്തന്നെ ഇവർ തമ്മിലുള്ള ചങ്ങാത്തം ആരംഭിച്ചിരുന്നു. കേരളസഭയുടെ ദുബായിൽ വച്ച് ചേർന്ന സമ്മേളനത്തിൽ കോൺഗ്രസിനെ പ്രതിനിധീകരിച്ച് കെ സി ജോസഫും, കേരള കോൺഗ്രസ് (എം ) നെ പ്രതിനിധീകരിച്ച് പി.ജെ ജോസഫും പോകാൻ ഇടയായത് യാദൃശ്ചികം ആണെന്ന് കരുതുക വയ്യ. സമർത്ഥമായ കരുനീക്കം. അങ്ങനെയാണ് കോട്ടയത്ത് പാർലമെന്റ്ൽ മത്സരിക്കണമെന്ന് ആഗ്രഹിച്ച  കെ.സി ജോസഫിന്റെ മോഹം പൂവണിയാൻ പി ജെ കൂട്ടുനിന്നത്. കേരളാ കോൺഗ്രസിന്റെ സിറ്റിങ് സീറ്റായ കോട്ടയം കോൺഗ്രസിന് ചോദിക്കാൻ കഴിയില്ല. അതുകൊണ്ട് പി ജെ യെ കൊണ്ടു സീറ്റ് വേണമെന്ന ആവശ്യമുന്നയിപ്പിച്ച് അത് വാങ്ങി എടുക്കുക.ഇടുക്കി കോൺഗ്രസിനും. രണ്ടും കിട്ടിക്കഴിഞ്ഞാൽ ഒരു വെച്ച് മാറ്റം ഇടുക്കി പി ജെ യും കോട്ടയം കെ.സി യും മത്സരിക്കുക.എങ്ങനെയുണ്ട് കരുനീക്കം. കോട്ടയം സീറ്റ് ചാഴികാടന് പ്രഖ്യാപിച്ചതോടെ കലിയടങ്ങാത്ത പ്രതിഷേധമായി . മാണി സാറിന്റെ വിയോഗത്തോടെ കേരള കോൺഗ്രസിനെ കൈപ്പിടിയിലൊതുക്കാൻ "തലചായ്ക്കാൻ ഇടം കൊടുത്ത ഒട്ടകത്തിന്റെ സാമർത്ഥ്യത്തോടെ" പി.ജെ ഉറഞ്ഞുതുള്ളി. ഒടുവിൽ കോട്ടയം ജില്ലാ പഞ്ചായത്തിന്റെ വിഷയം ചൂണ്ടിക്കാട്ടി കേരളാ കോൺഗ്രസിനെ നശിപ്പിക്കാൻ പി.ജെ യോടൊപ്പം  നിന്ന് കോൺഗ്രസ്  കളിച്ചു. കളി പാളും  എന്ന് കരുതിയില്ല പക്വതയില്ലാത്ത പയ്യൻ ഇത്രയും വളർന്ന് വാമന വേഷത്തിൽ  എത്തുമെന്ന് സ്വപ്നേവിചാരിക്കാത്ത അവർക്ക് തെറ്റി .
 "യുക്തമായ സമയത്ത് വ്യക്തമായ തീരുമാനം" അത് എടുത്തു കഴിഞ്ഞു.
ഇന്നത്തെ രാഷ്രീയ സാഹചര്യത്തിൽ കേരളാ കോൺഗ്രസ്(എം)പാർട്ടിയെടുത്ത ഏറ്റവും ശരിയായ തീരുമാനം അതാണ് ഇടതുപക്ഷ ജനാതിപത്യ മുന്നണിയുമായി ഒന്നിച്ച് കേരളത്തിന്റെ അഭിവൃദ്ധിക്കും കേരളത്തിലെ ജനങ്ങൾക്കും വേണ്ടി പ്രവർത്തിക്കും എന്ന തീരുമാനം .
         ഈ തീരുമാനം പുറത്ത് വന്നതിനു ശേഷം ഇടതുപക്ഷവുമായി ചേർന്നത് വലിയ അപരാധമായി എന്ന് കരുതുന്നവരോട് ഒരു വാക്ക്.ഇത് ഒരു പുത്തരിയായ തീരുമാനമല്ല.ഇടതു പക്ഷവുമായി ഇതിനു മുൻപും സഹകരിച്ചും-ഒരുമിച്ചും പ്രവർത്തിച്ചിട്ടുണ്ട് . പല സന്ദർഭങ്ങളിലും ഗൗരവമായ ആലോചനകളും ചർച്ചകളും നടന്നിട്ടുണ്ട് .ചിലപ്പോൾ അത് ഫലപ്രാപ്തിയിലെത്തിയിട്ടുണ്ട്.ചിലത് നടക്കാതെ പോയിട്ടുണ്ട്.
                 1969 ലെ തിരഞ്ഞെടുപ്പിന് ശേഷം സ: ഇ എം എസ്‌ ന്റെ ഭാഗത്ത് നിന്നും കേരളാ കോൺഗ്രസ്സുമായി സഹകരിക്കാമെന്ന വാഗ്ദാനം ലഭിച്ചതാണ്.അന്നത്‌ നടന്നില്ല.പിന്നീട് ഏറ്റവും ശക്തമായ ഒരു  നീക്കമുണ്ടായത് 1974നു മുൻപാണ്.അന്ന് സി പി എമ്മും കേരളാ കോൺഗ്രസ്സും പ്രതിപക്ഷത്തായിരുന്നു.കേരളാ കോൺഗ്രസ്സ്‌ ഒറ്റക്ക് മത്സരിച്ച് 14 എം എൽ എ മാരെ തിരഞ്ഞെടുത്ത കാലയളവ്.പ്രതിപക്ഷത്തുള്ള പ്രവർത്തനം കാലക്രമേണ സഹകരണമായി വളർന്നു.ആദ്യം കർഷക സമരങ്ങളിൽ കേരളാ കോൺഗ്രസ്സും സി പി എം ന്റെ കർഷക സംഘവും ഒരുമിച്ചു നിരവധി സമരമുഖങ്ങൾ തുറന്നു.കർഷക സംഘത്തിന്റെ നേതാവ് സ:ഏ.വി കുഞ്ഞമ്പുവുമായി ഒരുമിച്ച് നിരവധി യോഗങ്ങളിൽ പങ്കെടുത്ത കാര്യം എന്റെ ഓർമയിലുണ്ട്.അങ്ങനെയിരിക്കെയാണ് ഇരിക്കൂർ നിയമസഭാ അംഗമായിരുന്ന എ.കുഞ്ഞിക്കണ്ണന്റെ നിര്യാണം മൂലം ഒഴിവു വന്ന ഉപതിരഞ്ഞെടുപ്പ് വന്നത്.1974 മെയ് രണ്ടിനായിരുന്നു ഉപതിരഞ്ഞെടുപ്പ്.സി പി എമ്മിന്റെ സ്‌ഥാനാർഥി സ: ഇ കെ നായനാർ,ഐക്യ മുന്നണി സ്ഥാനാർഥി ആർ എസ്‌ പി യുടെ കെ അബ്ദുൽ ഖാദർ. ഇരിക്കൂർ നിയോജക മണ്ഡലത്തിൽ ധാരാളം കുടിയേറ്റക്കാരുമുണ്ടായിരുന്നു.കേരളാ കോൺഗ്രസ് ചെയർമാൻ കെ.എം ജോർജ് സി പി എം ബന്ധം ആദ്യമായിപ്രഖ്യാപിച്ചു.കേരളാ കോൺഗ്രസിന്റെ പിന്തുണ ഇ.കെ നായനാർക്ക് നൽകി.ശ്രീ ഇ.കെ നയനാരെയും കൊണ്ട് വോട്ടു പിടിക്കാൻ പോയതും, തലശ്ശേരി രൂപതയുടെ മെത്രാനായിരുന്ന അഭിവന്ദ്യ വള്ളോപ്പള്ളി പിതവിനെ കാണാൻ പോയതും എന്റെ ഓർമയിൽ തങ്ങി നിൽക്കുന്നു.തിരഞ്ഞെടുപ്പ് ഫലം ആഹ്ലാദം തരുന്നതായിരുന്നു.പ്രത്യേകിച്ച് കേരളാ കോൺഗ്രെസ്സുകാർക്ക്.1822 വോട്ടിനു നായനാർ വിജയിച്ചു.അതിനു ശേഷം ആ സൗഹൃദം മുന്നണിയുടെ രൂപത്തിൽ ആക്കുന്നതിനുള്ള ചർച്ചകൾ നടന്നു.എറണാകുളത്ത് വച്ച് ഏതാണ്ട് 30 സീറ്റുകൾ കേരളാ കോൺഗ്രസിന് എന്ന തീമാനം എടുത്തിരുന്നു എന്നാണെന്റെ ഒർമ്മ.അടുത്ത തിരഞ്ഞെടുപ്പിന് ഒരുമിച്ചു ഒരുങ്ങാൻ തയ്യാറായ ഇടതുപക്ഷ ജനാധിപത്യ മുന്നണിയേയും ഇന്ത്യയെയും ഞെട്ടിച്ച് കൊണ്ട് ദേശീയ അടിന്തരാവസ്ഥാ പ്രഖ്യാപനമുണ്ടായി.സെൻഷർഷിപ്പ്-സമരം ചെയ്‌തവരെല്ലാം അറസ്റ്റ് ചെയ്ത്‌ ജയിലിലായി. കേരളാ കോൺഗ്രസ് നേതാക്കളായ കെഎം ജോർജും,ആർ ബാലകൃഷ്ണപിള്ളയും അറസ്റ്റ് വരിച്ച്‌ ജയിലിൽ പോയി.കെ.എം മാണിയെപ്പോലുള്ള യുവജന നേതാക്കൾ 'അണ്ടർ ഗ്രൗണ്ടിൽ ' പോയി.നിരവധി കമ്മ്യുണിസ്റ്റ്കാരെ കരുതൽ തടങ്കിലിലാക്കി.അതോടെ ആ മുന്നണി മോഹം തകർന്നു.പിന്നീട് അടിയന്തരാവസ്ഥയുടെ മറവിൽ കേരളാ കോൺഗ്രസിനെ കോൺഗ്രസ്സിൽ ലയിപ്പിക്കാനുള്ള നീക്കം ശക്തമായി.കെ.എം ജോർജും ,ആർ ബാലകൃഷ്‌ണപിള്ളയും ജയിൽ മോചിതരായി.കേരളാ കോൺഗ്രസ്സ്‌ പിരിച്ചു വിട്ട് കോൺഗ്രസിൽ ലയിക്കുന്നതിനെ ബഹുഭൂരിപക്ഷം പേരും എതിർത്തു. ഒടുവിൽ പാർട്ടി ഒരു സമവായത്തിൽ എത്തിച്ചേർന്നു.

      പാർട്ടിയിൽ ലയിക്കേണ്ടതില്ല മുന്നണിയിൽ ചേരാം.അങ്ങനെ ലയിപ്പിക്കൽ പ്രക്രിയയിൽ നിന്ന് പാർട്ടി രക്ഷപ്പെട്ടു.പിന്നീട് 1980 മുതൽ 1982 വരെ ഇടതുപക്ഷ മുന്നണിയിൽ ആയിരുന്നു കേരളാ കോൺഗ്രസ്സ്. അന്ന് ശ്രീ എ കെ ആന്റണിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ്സ് വിഭാഗവും ഇടതുപക്ഷ മുന്നണിയിൽ ആയിരുന്നു.ആന്റണി വിഭാഗം ആദർശം താഴെ വച്ച് ഇന്ദിര കോൺഗ്രസിലേക്ക് മടങ്ങുന്നതിന്റെ ഭാഗമായി ഇടതുപക്ഷ മുന്നണി വിട്ടു.ഒരു ഇടതുപക്ഷ സഹയാത്രികൻ എന്നറിയപ്പെടുന്ന ആന്റണി പോലും ഇടതുമുന്നണി വിട്ട സാഹചര്യത്തിൽ കെ എം മാണിയും കൂട്ടരും ഇടതിനോടപ്പം നിൽക്കരുത് എന്ന ബാഹ്യശക്തികളുടെ സമ്മർദ്ധം അതിശക്തമായി.പാർട്ടിയിലെ ബഹുഭൂരിപക്ഷം അംഗങ്ങളും ഇടതു  മുന്നണി വിടരുത് എന്ന പക്ഷക്കാരായിരുന്നു.പക്ഷെ സാഹചര്യങ്ങൾ മുന്നണി വിടാൻ മനസ്സില്ലാ മനസ്സോടെ തീരുമാനമെടുത്തു. ഒരു പക്ഷെ കേരളാ കോൺഗ്രസിന്റെ ഇന്ന് വരെയുള്ള മുന്നണി ബന്ധങ്ങളും,ഭരണ പങ്കാളിത്വവും പരിശോധിച്ചാൽ ഇത്രയേറെ പരിഗണയും,അംഗീകാരവും കേരളാ കോൺഗ്രസ്സിനു ലഭിച്ച ഒരു സാഹചര്യം മറ്റൊന്നില്ലായിരുന്നു.ഏറ്റവും മന:സമാധാനത്തോടെ ശ്രീ കെ എം മാണി അടക്കമുള്ളവർ വകുപ്പ് കൈകാര്യം ചെയ്‌തതും ആ കാലയളവിലാണ് എന്ന് ഞാൻ ഇവിടെ കുറിക്കട്ടെ .സത്യത്തിൽ കെ എം മാണി ധനകാര്യമന്ത്രിയും, നായനാർ മുഖ്യമന്ത്രിയും ആയിരുന്നെങ്കിലും കെ എം മാണി അന്നൊക്കെ  മുഖ്യമന്ത്രിയുടെ റോളിൽ തന്നെ ആയിരുന്നു.
ഇത്രയേറെ പരിഗണയും സ്നേഹവും കെ.എം മാണി സാറിനു നൽകിയ മറ്റൊരു മുഖ്യമന്ത്രിയും ഇല്ലായിരുന്നു എന്ന് നിസ്സംശയം പറയാം.
              കെ എം മാണിയെ മുഖ്യമന്ത്രിയാക്കാൻ തയ്യാറാണെന്ന പ്രതിപക്ഷത്തിന്റെ ക്ഷണത്തിൽ വിറളി പിടിച്ച കോൺഗ്രസ്സ്‌കാർ പ്രശസ്തിയുടെ കൊടുമുടിയിലെത്തിയ മാണി സാറിനെ ഒരു കള്ള് ഷാപ്പ് മുതലാളിയെ കൊണ്ട് ആരോപണമുന്നയിപ്പിച്ച് വലിച്ചു താഴെ ഇട്ടു.ക്വിക്ക് വെരിഫികേഷനിലൂടെ കേരള രാഷ്ട്രീയത്തിൽ ചവിട്ടി അരച്ചിട്ടപ്പോൾ അതിൽ നിന്നും ഉയിർകൊണ്ട വികാരതരംഗങ്ങൾ അഗ്നിസ്ഫുലിംഗങ്ങളായി മാറി കേരളത്തിൽ ഒരു പുതിയ രാഷ്ട്രീയ മുന്നേറ്റത്തിന് തുടക്കം കുറിക്കും.അത് നാടിന്റെ പുരോഗതിക്കും,മത നിരപേക്ഷ ഐക്യത്തിനും,കർഷകരുടെയും ജനാധിപത്യ വിശ്വാസികളുടെയും സംരക്ഷണത്തിനും ഉതകുന്നതും ,ദീർഘ വീക്ഷണമോ സമചിത്തതയോ ഇല്ലാത്ത  കേരളത്തിലെ കോൺഗ്രസ്സ് നേതൃത്വത്തിന് നൽകുന്ന തിരിച്ചടിയും ആയിരിക്കും .

#Keralacongressm #KMMani
#josekmanimp #Thomaschazhikadanmp
#RoshyAugustine.
#DrNJayaraj
#ptjose

Comments

Popular posts from this blog

Bullet train will need 100 trips daily to be financially viable: IIM Ahmedabad study

കേരളത്തെ ഒരു മഹാദുരന്തത്തിലേക്കാണ് നയിക്കുന്നത്. കേരള ജനസംഖ്യയുടെ മൂന്ന് ശതമാനം മാത്രം വരുന്ന രാഷ്ട്രീയ നേതാക്കളെയും ഉദ്യോഗസ്ഥരെയും സംരക്ഷിക്കാനുള്ള ചിലവ്

തമിഴ്നാട് RTCയിലെ യാത്രാനുഭവം പങ്കുവച്ച് മലയാളി യുവതി