പത്തൊമ്പതാം നൂറ്റാണ്ടിലെ ഈസ്റ്റ് ഇന്ത്യാ കമ്പനിയാണ് ഇന്ന് ഗൂഗ്ള്‍ എന്നു പറയാം.
കര്‍ണാടക പറയുന്നത്, കേരളം കേള്‍ക്കേണ്ടത്
******************************************
പത്തൊമ്പതാം നൂറ്റാണ്ടിലെ ഈസ്റ്റ് ഇന്ത്യാ കമ്പനിയാണ് ഇന്ന് ഗൂഗ്ള്‍ എന്നു പറയാം. അന്ന്, ട്രേഡ് റൂട്ടുകളിലെ ആധിപത്യമായിരുന്നു അധികാരമെങ്കില്‍, ഇന്ന് ഇന്‍ഫര്‍മേഷന്‍ ഹൈവേയുടെ നിയന്ത്രണ-നിര്‍ണയ ആധിപത്യമാണ് അധികാരം. നിങ്ങളുടെ വ്യക്തിഗത വിനിമയ-താല്പര്യ-ക്രയവിക്രയ വിവരങ്ങള്‍ കൈവശമുള്ള ഒരു കമ്പനിക്ക്, നിങ്ങളിലേക്കെത്തുന്നതും നിങ്ങളില്‍നിന്ന് പോകുന്നതുമായ എല്ലാ ആക്ഷനേയും സ്വാധീനിക്കാനാവും. അതുപോലെ, വോട്ടര്‍ പട്ടിക കൈയിലുള്ള ഒരു സംഘത്തിന് തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാനുള്ള പരിമിതി എത്രത്തോളം സൂക്ഷ്മതലത്തിലേക്ക് അതിന്‍റെ സ്ട്രാറ്റജി വിഭാവനം ചെയ്ത് പ്രാവര്‍ത്തികമാക്കാനാവും എന്നത് മാത്രമാണ്. രാഷ്ട്രീയ സ്വയംസേവക് സംഘ് എന്ന ഹൈന്ദവ തീവ്രവാദ സംഘടനയുടെ പാര്‍ലമെന്‍ററി രാഷ്ട്രീയ മുഖമായ ബിജെപിയുടെ തെരഞ്ഞെടുപ്പ് മൈക്രോമാനേജ്മെന്‍റ് ഇപ്പോള്‍ ബൂത്തുതലവും കഴിഞ്ഞ് വോട്ടര്‍പട്ടികയുടെ ഓരോ പേജിലേക്കും (8 മുതല്‍ 12 വരെ കുടുംബങ്ങള്‍~60 വോട്ടര്‍മാര്‍) വരെ ആയി എത്തിയിരിക്കുകയാണ്.
ഒന്നര പതിറ്റാണ്ടിലേറെയായി ഗുജറാത്തിലെ തെരഞ്ഞെടുപ്പുകളില്‍ പരീക്ഷിച്ച് പൂര്‍ണതയിലെത്തിച്ചതും, ഉത്തര്‍ പ്രദേശിലും ത്രിപുരയിലും ഇനി മധ്യ പ്രദേശിലും വിജയകരമായി നടപ്പിലാക്കാന്‍ പോകുന്നതുമായ ബിജെപിയുടെ ഈ സ്ട്രാറ്റജി ഏതാണ്ട് ഫൂള്‍പ്രൂഫാണ്, ലീക് പ്രൂഫാണ്.
ഒന്നാലോചിച്ചുനോക്കൂ, നമ്മുടെ കൂട്ടായ്മകളില്‍, സൌഹൃദങ്ങളില്‍, ഫാമിലി ഗ്രൂപ്പുകളില്‍, സ്കൂള്‍-കോളെജ് ഗ്രൂപ്പുകളില്‍, ഓഫിസില്‍, ബസ് സ്റ്റോപ്പില്‍, ഓട്ടോയില്‍, പൊതു ഇടങ്ങളില്‍ എല്ലാം ഓരോരുത്തരിലേക്കും അവരവര്‍ക്ക് ചേരുന്ന വിധത്തില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പു പ്രചരണം എത്തുകയാണ്. മാസങ്ങളും വര്‍ഷങ്ങളും നീണ്ട തെരഞ്ഞെടുപ്പ് പ്രചാരണം! മക്കള്‍ ഐടി ജോലിക്കാരായ അമ്മാവന് വികസനം-മേക് ഇന്‍ ഇന്ത്യ സ്വപ്നങ്ങള്‍. ബ്രാഹ്മണനാവാന്‍ കഴിയാതെപോയതില്‍ വിഷമിക്കുന്ന നായര്‍യുവാവിന് മതപ്രഭാഷണങ്ങള്‍. പഠിക്കാന്‍ മോശമായ, മടിയനും സ്വാര്‍ത്ഥനുമായ ആ പയ്യന് സംവരണവിരുദ്ധ സന്ദേശങ്ങള്‍. അച്ചാറുണ്ടാക്കുന്ന ചെറിയമ്മയ്ക്ക് മുദ്രാ ലോണ്‍ സുഭാഷിതങ്ങള്‍. സ്വകാര്യസ്ഥാപനത്തിലെ ജോലിക്കാരിയായ കസിന് ബന്ദ്-നോക്കുകൂലി-ബംഗാള്‍ ത്രയ ഇടതുവിരുദ്ധത, നേര്‍പ്പിച്ചത്. അയലത്തെ ചേട്ടന് അതിര്‍ത്തിയും പട്ടാളവും. അപ്പുറത്തെ വീട്ടിലെ ഡോക്ടര്‍ക്ക് ഇന്ത്യന്‍ ശാസ്ത്ര പാരമ്പര്യവും ഗണപതിയുടെ പ്ലാസ്റ്റിക് സര്‍ജറിയും. എല്ലാത്തിനും ഇടയില്‍ അല്‍പ്പം ഇസ്ലാം-ഇതരമത വിരുദ്ധത. വിശ്വസനീയമെന്ന് കരുതിയിരുന്ന കേന്ദ്രങ്ങളില്‍ നിന്ന് ഉത്ഭവിക്കുന്ന വ്യാജവാര്‍ത്തകള്‍. ചെറിയ കലാപശ്രമങ്ങള്‍. മേമ്പൊടിക്ക് യുനെസ്കോ ഡിക്ലറേഷനുകള്‍.
നിങ്ങളെ വ്യക്തിയിലേക്ക് ചുരുക്കി തരംതിരിച്ച് മാനേജ് ചെയ്യാന്‍ ബിജെപി നടത്തുന്ന ശ്രമങ്ങള്‍ ചില്ലറയല്ല. വോട്ടര്‍ പട്ടികയുടെ പേജ് ഒന്നിന് ഒരു പന്ന പ്രമുഖ് (panna pramukh)! തെരഞ്ഞെടുപ്പല്ല, മണ്ഡലമല്ല, ബൂത്ത് പോലുമല്ല ബിജെപി ജയിക്കുന്നത്. നിങ്ങളെയാണ്. നിങ്ങളുടെ രാഷ്ട്രീയബോധ്യത്തെയാണ്.
***
ഈ വ്യക്തിതല തെരഞ്ഞെടുപ്പ് പ്രചാര തന്ത്രം കൂടാതെ, പോസ്റ്റ് ഇലക്ഷൻ സ്ട്രാറ്റജി കൂടിയുണ്ട് ബിജെപിക്ക്. കൂടുതൽ അലങ്കാരമില്ലാതെ പറഞ്ഞാൽ, അസ്സൽ കുതിരക്കച്ചവടം. ഗോവയിൽ ജയിച്ചതും, മിക്കവാറും കർണാടകയിലും വിജയിക്കാൻ പോകുന്നതുമായ തന്ത്രം. മറ്റ് പാർട്ടികളിലെ വഴക്കാവുന്നതോ മയക്കാവുന്നതോ വാങ്ങാവുന്നതോ ഒതുക്കാവുന്നതോ ആയ നേതാക്കളെ, സാമാജികരെ ബിജെപി വളരെ കൃത്യമായി ഐഡന്റിഫൈ ചെയ്തിരിക്കും, പ്രൊഫൈൽ ചെയ്തിരിക്കും.
ഇത്, വിചാരിക്കുന്നപോലെ അത്ര പാടുള്ളതല്ല. കോൺഗ്രസ് മാതൃകയിലെ അയഞ്ഞ രാഷ്ട്രീയക്കൂട്ടങ്ങളാണ് മിക്ക പാർട്ടികളും. കേഡർ സ്വഭാവമുള്ള പാർട്ടികളിൽ അസംതൃപ്തരെ കണ്ടെത്താൻ ഉള്ള പ്രയാസം, അവിടെ വ്യക്തികളില്ല, പ്ലേസ് ഹോൾഡർമാർ മാത്രമേ ഉള്ളൂ എന്നതാണ്. ഉദാഹരണമായി, എം. സ്വരാജ്, വി. ടി. ബലറാം എന്നീ രണ്ടുപേരെ എടുക്കാം. നേതൃത്വപാടവം കൊണ്ടും രാഷ്ട്രീയബോധ്യംകൊണ്ടും ഒരു കാര്യം കണ്‍വിന്‍സിങ്ങായി അവതരിപ്പിക്കാനുള്ള കഴിവുകൊണ്ടും അങ്ങനെ ഒരു നൂറ് ഇന്‍ഡെക്സുകളില്‍ സ്വരാജ് ബലറാമിനേക്കാള്‍ വളരെ മുന്നിലാണ്. പക്ഷേ ബലറാം ഇറിപ്ലേസ്ബ്ള്‍ ആകുമ്പോള്‍ സ്വരാജ് പ്ലേസ് ഹോള്‍ഡര്‍ ആണ്. ബലറാമിന്‍റെ രാഷ്ട്രീയ ആസ്ഥി വ്യക്തിയുടേതാണ്, സ്വരാജിന്‍റേത് സംഘടനയുടേതും. സാമാന്യം നല്ലൊരു മണ്ടനോ യാഥാര്‍ഥ്യബോധം തീരെ ഇല്ലാത്തവരോ ആണെങ്കില്‍മാത്രമേ ഒരു കേഡര്‍പാര്‍ട്ടിയില്‍ ഒരു അസംതൃപ്തന്‍ ദൃശ്യമാകുംവിധം ഉണ്ടാവുകയുള്ളു.
എന്നാല്‍ സിദ്ധരാമയ്യ മുതല്‍ ബലറാം വരെയുള്ള കോണ്‍ഗ്രസ്-മോഡല്‍ നേതാക്കളില്‍ ഇങ്ങനെ അസംതൃപ്തരെ കണ്ടെത്തുന്നത്, അയഞ്ഞുനില്‍ക്കുന്നവരെ വിളിച്ചിറക്കിക്കൊണ്ടുവരുന്നത് താരതമ്യേന എളുപ്പമാണ്. കുമാരസ്വാമിയോട് പിണങ്ങി കോണ്‍ഗ്രസിലെത്തിയ സിദ്ധരാമയ്യ, കടന്നല്‍കുത്തിയ മുഖത്തോടെ കുമാരസ്വാമിക്കൊപ്പം കര്‍ണാടക ഗവര്‍ണറെ കാണാനെത്തുമ്പോള്‍, പഴിക്കേണ്ടത് വ്യക്തിയെയല്ല, അയഞ്ഞയഞ്ഞ് തീരെയില്ലാതായിപ്പോയ സംഘടനാസംവിധാനത്തെയാണ്. മനുഷ്യരെ കേവലം വ്യക്തികളായി, സര്‍വൈവലിസ്റ്റുകളാക്കിമാറ്റിയ സെന്‍ട്രല്‍ റൈറ്റ് എന്ന യുഫെമിസം ചുമക്കുന്ന പേടിത്തൊണ്ടന്‍ വലതുവാദത്തെയാണ്.
***
മൂന്നാമതായി ബിജെപിയുടെ തെരഞ്ഞെടുപ്പുതന്ത്രത്തിലുള്ളത് ഒരു ഇന്‍ഹെറന്‍റ് അഡ്വാന്‍റേജാണ്. ബിജെപി എന്നത് ഒരു രാഷ്ട്രീയപ്പാര്‍ട്ടിയല്ല, മറിച്ച് ഫൈനല്‍ സൊല്യൂഷന്‍ മുന്നിലുള്ള ഒരു തീവ്രവാദസംഘടനയുടെ തെരഞ്ഞെടുപ്പ്സംവിധാനം ആണ് എന്ന അണ്‍ഫെയര്‍ അഡ്വാന്‍റേജ്. അതായത്, സംഘടാനാപ്രവര്‍ത്തനവും രാഷ്ട്രീയപ്രചാരണവും എല്ലാം സംഘിന്‍റെ പല ശാഖകള്‍ നോക്കിക്കോളും. ബിജെപി പാര്‍ലമെന്‍ററി പ്രവര്‍ത്തനം മാത്രം ചെയ്താല്‍ മതിയാകും. ജനാധിപത്യത്തില്‍ ഇടപെടുന്ന മറ്റേതെങ്കിലും പാര്‍ട്ടിക്ക് ഈ ലഗ്ഷറി ഉണ്ടോ എന്ന് സംശയമാണ്. മറ്റുള്ളവര്‍ പാര്‍ട്ടി മെഷീനറി ഉപയോഗിച്ച് തെരഞ്ഞെടുപ്പ് സംവിധാനവുമായി ഇടപെടുമ്പോള്‍, ബിജെപി സ്വയമേ ഒരു തെരഞ്ഞെടുപ്പ് സംവിധാനമാണ്. അവര്‍ക്ക് മറ്റു ബാധ്യതകളില്ല. ഹിന്ദുരാഷ്ട്രം വരുന്ന ദിവസം നിങ്ങള്‍ നോക്കൂ.. 56 ഇഞ്ച് നെഞ്ചും വളച്ചുകൊണ്ട് മോദി തൊഴുന്ന സംഘിയെ നമ്മള്‍ ഒരിക്കല്‍പ്പോലും കണ്ടിട്ടുപോലുമുണ്ടാകില്ല. അധികാരം അന്ധകാരത്തിലും വലിയ ഇന്‍വിസിബിലിറ്റി ക്ലോക് ആണ്.
***
ഭയം.
യുദ്ധം ആരംഭിക്കുംമുന്‍പുതന്നെ എതിരിയെ പരാജയപ്പെടുത്തുന്ന ഭയം.
നാലുവര്‍ഷം കൊണ്ട് ബിജെപി 4300 കോടി രൂപയാണ് പരസ്യത്തിനായി ചെലവിട്ടത്. കോര്‍പ്പറേറ്റ് ബന്ധുക്കളും മിത്രമാധ്യമ ഗോസ്വാമിമാരും നല്‍കുന്ന സൌജന്യ പരസ്യം അതിലും എത്രയോ മേലെ. എങ്ങനെ അതിജീവിക്കും ഈ പ്രൊപഗന്‍ഡ തീമഴയെ എന്ന ഭയം.
പച്ചക്കള്ളം പലയാവര്‍ത്തി പറഞ്ഞിട്ടും, നൂറാവര്‍ത്തി പിടിക്കപ്പെട്ടിട്ടും അവര്‍ വീണ്ടും വീണ്ടും കള്ളംപറയുമ്പോള്‍, ഗീബല്‍സിയന്‍ തന്ത്രം ഫലിച്ചേക്കും എന്ന ഭയം.
വംശീയത, വര്‍ഗീയത, വിദ്വേഷം, വിഷം. തീവ്രവാദികള്‍ക്ക് മാത്രം സാധിക്കുന്ന ഉറപ്പോടെ അവര്‍ ജനാധിപത്യത്തില്‍ ഇടപെടുമ്പോള്‍ ബാക്കിനില്‍ക്കുന്ന നമ്മുടെ ചേരിചേരാ ഭയം.
അവര്‍ അധികാരം നേടുമെന്നും ഉപയോഗിക്കും എന്നുമുള്ള ഭയം.
അവരെ തടയാനാവില്ല എന്ന ഭയം.
കൊല്ലപ്പെടുമെന്ന ഭയം.
വാങ്ങപ്പെടുമെന്ന ഭയം.
രാഷ്ട്രീയബോധ്യം അടിയറവുവയ്ക്കേണ്ടിവരും എന്ന ഭയം.
ആ ഭയമാണ്, ചോദ്യംചെയ്യപ്പെടാത്ത അധികാരം ഉണ്ടെന്ന അവരുടെ നാട്യമാണ് ബിജെപിയുടെ തെരഞ്ഞെടുപ്പുതന്ത്രത്തിന്‍റെ നാലാമത്തെ ചക്രം.
ആദ്യം അരിയേണ്ടതും ആ ചക്രത്തെയാണ്.
അവസാനത്തെ കോട്ടയാണ്. ഒരുതരി ബാക്കിയുള്ള കനലാണ്.
കെടാതെ നോക്കുക.
Comments
Post a Comment