കൂട്ടട്ടെ* *ഇനിയും* ശമ്പളം വാനോളം .... പട്ടിണി കിടന്ന് ചാകട്ടെ മധുമാർ..

*കൂട്ടട്ടെ* *ഇനിയും* ശമ്പളം വാനോളം .... പട്ടിണി കിടന്ന് ചാകട്ടെ മധുമാർ.....

കഴിഞ്ഞ ആഴ്ച മാത്രം കേരളത്തിലെ ഒരു കോടിയിൽ അധികം പേർ ചർച്ച ചെയ്ത വിഷയം ആണല്ലോ മന്ത്രിമാരുടെയും MLA മാരുടെയും ഇരട്ടി ശമ്പള വർധന.
മിനിമം ചാർജ് ഏഴു രൂപയിൽ നിന്നും എട്ട്  രൂപയാക്കാൻ പത്തു ദിവസം സമരം ചെയ്യേണ്ടി വന്നു കേരളത്തിലെ ബസ് ഉടമകൾക്ക്. പത്തു മിനിറ്റു തികച്ചും വേണ്ടി വന്നില്ല കേരള നിയമസഭക്ക്
ശമ്പളം കൂട്ടിയ ബിൽ പാസ്സ് ആക്കാൻ.  വിയോജിപ്പ് ഇല്ല, ബഹളം ഇല്ല, സ്പീക്കറുടെ ഡയസിൽ കയറിയില്ല, കമ്പ്യൂട്ടറും, കസേരയും അടിച്ചു തകർത്തില്ല, ഇറങ്ങി പോയില്ല. രാജ്യത്തിന്റെ ചരിത്രത്തിൽ ഇതു വരെ ഭരണ -പ്രതി പക്ഷ കക്ഷികൾ ഇന്ന് വരെ ഒരു അഭിപ്രായ വ്യത്യാസം ഇല്ലാതെ പാസ്സ് ആക്കി എടുത്ത ചരിത്രമുള്ള ഒന്നാണ് ശമ്പളവർധന അഥവാ *അടിച്ചെടുക്കൽ*.
എന്ത് മല മറിച്ചതിന്റെ പേരിലാണ് മന്ത്രിയേമാന്റെ ശമ്പളം 50000 ൽ നിന്ന് ഒരു ലക്ഷം ആയും MLA ഏമാന്റെ ശമ്പളം 70000 ആയും വർധിപ്പിച്ചു കൊടുത്തത്. എല്ലാം ശരിയാക്കിയതിനോ,
പൂട്ടിയ ബാറുകൾ എല്ലാം തുറന്നു കൊടുത്തതിനോ, അതോ നെറികെട്ട ജാരരാഷ്ട്രീയ ക്കാരുടെ കൊലപാതകങ്ങൾ ക്കുള്ള ഗ്രേസ് മാർക്കും പ്രൊമോഷനും ആണോ. കഴിഞ്ഞ വർഷം രാത്രിയും പകലും അധ്വാനിച്ചു ഉണ്ടാക്കിയ പണത്തിൽ നിന്ന് ഇവന്മാർക്ക് ശമ്പളം കൊടുക്കാൻ 2,89,000/- രൂപ ഇൻകം ടാക്സ് മാത്രം കൊടുത്ത എനിക്ക് ഇങ്ങനെയൊക്കെ ചോദിക്കേണ്ടി വന്നതിൽ വിഷമം ഉണ്ട്. അതിന് സാക്ഷര കേരളത്തോട്  മാപ്പ് ചോദിക്കുന്നു. മേൽ പറഞ്ഞത് ശമ്പളം മാത്രം ആണ്. യാത്രബത്ത, നിയമ സഭ ബത്ത, യാത്ര കൂപ്പൺ,  പെട്രോൾ കാർഡ്, സർക്കാർ ബംഗ്ലാവ്, ടെലിഫോൺ ബിൽ, കറന്റ്‌ ബിൽ, നേതാവിന്റെയും കുടുംബതിന്റെയും സർക്കാർ ഖജനാവിൽ നിന്നുള്ള  
ചികിത്സ ചെലവ്,
മന്ത്രിയുടെ വിരുന്നു കാർക്ക് വെച്ച് വിളമ്പാൻ നമ്മുടെ നികുതി പണം, സർക്കാർ ഖജനാവിൽ നിന്ന് കോടികൾ മുടക്കി വിദേശ യാത്ര, ഇതിനൊക്കെ പുറമെ അഴിമതിയും കയ്യിട്ടു വാരൽ, തട്ടിപ്പ്, വെട്ടിപ്പ് എന്നിവ വേറെ. എന്തൊരു ഭീകരമാണീ അവസ്ഥ. കഴിഞ്ഞ വർഷം ഡൽഹിയിൽ ഒരു സ്വകാര്യ കാര്യത്തിനായി പോയി വിസ്താര എയർലൈനിൽ കൊച്ചിക്ക് വരുമ്പോൾ കേരളത്തിലേക്കുള്ള ഏഴു എംപി മാരും ഉണ്ടായിരുന്നു. ആറായിരം രൂപയുടെ
ഇക്കോണമി ടിക്കറ്റ് എടുത്തു ഞാൻ യാത്ര ചെയ്യുമ്പോൾ എന്റെ നികുതിപണം കൊണ്ട് യാത്ര ചെയ്യുന്നവർ ഇരിക്കുന്നത് ബിസിനസ്‌ ക്ലാസ്സിൽ.
നെറ്റിൽ ചാർജ് നോക്കിയപ്പോൾ ഞെട്ടിപ്പോയി, അറുപതിനായിരം രൂപ 😱. ഏഴു പേർക്ക് യാത്ര ചെയ്യാൻ ചെലവ് 4,20,000/- രൂപ, ഇതേ തുക കൊണ്ട് ശരാശരി 78 പേർ ഇതേ വിമാനത്തിൽ യാത്ര ചെയ്യുന്നു. ഡൽഹിയിൽ നിന്നും കൊച്ചി വരെ മൂന്ന് മണിക്കൂർ സാധാരണക്കാരന്റെ കൂടെ യാത്ര ചെയ്താൽ ഇവനൊക്കെ എന്ത് അഭിമാനം ആണ് ഇടിഞ്ഞു വീഴുന്നത്.
എംപി യുടെ ടിക്കറ്റ് എടുത്തത് നമ്മൾ, ശമ്പളം കൊടുത്തത് നമ്മൾ, വോട്ടു കൊടുത്തത് നമ്മൾ പിന്നെ നമ്മുടെ കൂടെ യാത്ര ചെയ്യാൻ മാത്രം എന്തിനീ അയിത്തം. ഇന്നലെ ശമ്പളവർധന ബിൽ സഭയിൽ അവതരിപ്പിച്ചപ്പോൾ  രാഷ്ട്രീയമില്ലാതെ എല്ലാരും പുകഴ്ത്തിയപ്പോൾ എനിക്ക് തോന്നിയത് പഴയ തുള്ളൽ വാക്യമാണ് " ദീപസ്ഥംപം മഹാ അത്ഭുതം എനിക്കും കിട്ടണം പണം ". ശമ്പളം കൂട്ടിയത് "എഫിഷ്യൻസി " വർധിക്കും എന്നായിരുന്നു ഒരു നേതാവിന്റെ വിലയിരുത്തൽ, നൂറ്റാണ്ടിലെ ഏറ്റവും വലിയ തമാശ. ആരുടെ എഫിഷ്യൻസി, എന്തിനുള്ളത്. കട്ടപ്പുറതുള്ള വണ്ടിക്കു വില കൂടിയ ഹോൺ വെക്കുന്ന പോലെയുള്ള തമാശ യാണ് ഈ എഫീഷ്യൻസി. എന്തിനാണ് ജനസേവകന് ഇത്ര പണം, കല്യാണം കൂടാനും, മരിച്ച വീട്ടിൽ മൂക്കത്ത് വിരൽ വെച്ച് നില്കാനും,മാമോദീസ കൂടാനും മാത്രം നടക്കുന്ന ഇക്കൂട്ടർക്ക് ഇത്ര ശമ്പളം വേണോ. ഇങ്ങനെ ഇരുപതിനായിരം പഞ്ചായത്ത്‌ മെമ്പർ, 1200 പഞ്ചായത്ത്‌ പ്രസിഡന്റ്‌, 3000 ബ്ലോക്ക്‌ പഞ്ചായത്ത്‌ 
മെമ്പർ 150 ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌, ജില്ലാ പഞ്ചായത്ത്‌, മുനിസിപ്പാലിറ്റികൾ, കോർപ്പറേഷൻ എന്നിവയിലെ അംഗങ്ങൾ എന്നിവർ കൈ പറ്റുന്ന ആനുകൂല്യങ്ങൾ കൂടി നോക്കിയാൽ നമ്മുടെ കണ്ണ് തള്ളി പോകും, രാഷ്ട്രീയക്കാരനും സർക്കാർ ഉദ്യോഗസ്ഥർക്കും ശമ്പളം കൊടുക്കാൻ
ഇൻകം ടാക്സ്, സെയിൽസ് നികുതി, GST, വീട്ടു നികുതി, കെട്ടിട നികുതി, സ്ഥല നികുതി, ബാങ്ക് ചാർജ്, പ്രൊഫഷണൽ നികുതി, എഡ്യൂക്കേഷൻ സെസ്സ്, സർവീസ് നികുതി,ആഡംബര നികുതി, നമ്മുടെ പണം കൊണ്ട് തൊഴിലാളിക്ക് കൂലി കൊടുത്തു ഒരു വീട് പണിതൽ തൊഴിലാളി ക്ഷേമ നികുതി,തുടങ്ങി സാധരണക്കാരന്റെ നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയാത്ത അന്തരീക്ഷത്തിൽ ഉള്ള നൂറ് കണക്കിന് നികുതികൾ കെട്ടാനും അതിൽ എന്തെങ്കിലും മിച്ചം ഉണ്ടെങ്കിൽ സ്വന്തം മക്കൾക്ക്‌ ഡോഗ് ബിസ്‌ക്കറ് വാങ്ങാനും വിധിക്കപ്പെട്ട ഒരു കൂട്ടം ആണ് നമ്മൾ.
ഒരാഴ്ച ഭക്ഷണം കിട്ടാതെ ഒരു കൈവെള്ളയിൽ ഒരു 
പിടി അരി എടുത്തവനെ തല്ലി ക്കൊന്ന നാട്ടിലാണ് നിങ്ങൾ ഇങ്ങനെ ആർഭാടം നടത്തുന്നതു എന്നോർക്കുമ്പോൾ ഹാ കഷ്ടം എന്ന് മാത്രം പറയാൻ കഴിയൂ.. കേരള
സംസ്ഥാനം രൂപീകരിച്ച ശേഷം അട്ടപ്പാടിക്കും മറ്റു ആദിവാസി ജില്ലകൾക്കും അനുവദിച്ച കോടിക്കണക്കിന് രൂപ വക മാറ്റിയ നിങ്ങൾ തന്നെയാണ് മധുവിന്റെ മരണത്തിനു കാരണക്കാർ.അല്പമെങ്കിലും മനസ്സാക്ഷിയുണ്ടെങ്കിൽ നിങ്ങൾ ഈ കൂട്ടിയ ശമ്പളം വാങ്ങരുത്, കേരളം കാത്തിരിക്കുന്നു നിങ്ങളിൽ എത്ര പേർ പഴയ ശമ്പളം വാങ്ങുന്നു എന്ന് കാണാൻ. നിങ്ങളിൽ എത്ര പേർ സാധാരണക്കാരന്റെ കൂടെ ഉണ്ടെന്നറിയാൻ, 25 വർഷം മുഖ്യമന്ത്രി യായി ഇന്നും പാർട്ടി ഓഫീസിൽ ഒരു ഗ്യാസ് സിലിണ്ടർ വാങ്ങി പാചകം ചെയ്യുന്ന മണിക്ക് സർക്കാറും, മഞ്ചേരിയിലെ മൊയ്‌ദീൻ സാഹിബിനു എന്റെ മകൾക്ക് ഒരു വോയിൽ സാരി കൊടുക്കണം പണം അടുത്ത മാസത്തെ ശമ്പളം കിട്ടുമ്പോൾ എടുക്കാം എന്ന് കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്നപ്പോൾ കത്ത് കൊടുത്തയച്ച ഇ.എം.എസ് സ്സും, ഒൻപതു കിലോമീറ്റർ ദൂരം ദിവസവും വെള്ളം പൊതു ടാപ്പിൽ നിന്നും നടന്നു കൊണ്ട് വന്ന
സഹോദരിയുടെ വീട്ടിലേക്കു ഒരു പൈപ്പ് ഇട്ടു കൂടെ എന്ന നിരന്തര ആവശ്യം സ്നേഹപൂർവ്വം നിരസിച്ചു നാടിനു മാതൃക കാട്ടിയ കാമ രാജും,ഇന്നലെ ഡൽഹിക്ക് പോയ എംപി മാർ വരെ വലിയ വാഹനങ്ങൾ കൊണ്ട് നടക്കുമ്പോളും ഒരു പഴയ വേഗനർ കാറിൽ ഡൽഹിയിൽ യാത്ര ചെയ്യുന്ന ഒൻപതു വർഷം രാജ്യതിന്റെ രാജ്യ രക്ഷമന്ത്രി യായ AK ആന്റണി യും ഒക്കെ നടന്ന പാതയിൽ ആണ് നിങ്ങളും യാത്ര തുടരുന്നത് എന്നോർക്കണം,
ഒട്ടനവധി യുവ MLA മാരെ ക്കൊണ്ട് സമ്പൽ സമൃദ്ധമായ ഈ നിയമ സഭയിൽ എത്ര പേർ അധികം ശമ്പളം വേണ്ടെന്നു വെക്കുമെന്നു നമുക്ക് നോക്കാം..

NB: ഇതു ശരിയെന്നു തോന്നുന്നു എങ്കിൽ പരമാവധി പേരിൽ എത്തിക്കുക, ജനങ്ങൾ ചർച്ച ചെയ്യുന്നുവെന്ന് നമ്മുടെ  നേതാക്കൾ അറിയട്ടെ....
.

Comments

Popular posts from this blog

Bullet train will need 100 trips daily to be financially viable: IIM Ahmedabad study

കേരളത്തെ ഒരു മഹാദുരന്തത്തിലേക്കാണ് നയിക്കുന്നത്. കേരള ജനസംഖ്യയുടെ മൂന്ന് ശതമാനം മാത്രം വരുന്ന രാഷ്ട്രീയ നേതാക്കളെയും ഉദ്യോഗസ്ഥരെയും സംരക്ഷിക്കാനുള്ള ചിലവ്

തമിഴ്നാട് RTCയിലെ യാത്രാനുഭവം പങ്കുവച്ച് മലയാളി യുവതി